കഴിഞ്ഞ ദിവസം മുതൽ കുഞ്ചാക്കോ ബോബൻ (Kunchacko Boban) ഹിറ്റ് ചാർട്ടുകളുടെ തലതൊട്ടപ്പനാണ്. ചാക്കോച്ചന്റെ നൃത്ത പ്രാവീണ്യത്തിന് ഇനിയൊരു ആമുഖത്തിന്റെ ആവശ്യമില്ലായിരിക്കാം. അനിയത്തിപ്രാവ് മുതൽ പ്രേക്ഷകർ അത് കണ്ടുവരികയാണ്. പക്ഷെ കുടിച്ച് കാലു നിലത്തുതൊടാൻ പറ്റാത്ത നിലയിൽ സ്ക്രീനിൽ ഡാൻസ് കളിക്കുന്ന ചാക്കോച്ചനെ സകലരും കണ്ടത് ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിലൂടെയാണ്
'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ വളരെ വർഷങ്ങൾക്ക് മുൻപ് കേട്ടുപരിചയിച്ച 'ദേവദൂതർ പാടി...' എന്ന ഗാനം തനിമ ചോരാതെ അവതരിപ്പിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പിലെ ഗാനത്തിന് കാഴ്ചക്കാരിൽ ഒരാളായ അംബാസ് രാജീവൻ എന്ന ചാക്കോച്ചൻ കഥാപാത്രം മതിമറന്ന് നൃത്തം ചെയ്യുന്നതാണ് രംഗം. എന്നാൽ ഈ അടിപൊളി ആട്ടത്തിന്റെ കൊറിയോഗ്രാഫി ആരാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു (തുടർന്ന് വായിക്കുക)
മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട കാര്യമില്ലെങ്കിൽ, ചാക്കോച്ചനെ നൃത്തം പഠിപ്പിക്കാനും ചാക്കോച്ചൻ തന്നെ ധാരാളം. സ്വയം കൊറിയോഗ്രഫി നടത്തിയ 'പാമ്പ്' സ്റ്റെപ്പുകളാണ് സുഹൃത്തുക്കളേ, നിങ്ങൾ കണ്ടത്. ഔസേപ്പച്ചൻ ഈണമിട്ട്, യേശുദാസും ലതികയും കൃഷ്ണചന്ദ്രനും പാടിയ ഗാനം പുതിയ ചിത്രത്തിൽ ആലപിച്ചത് ബിജു നാരായണനാണ്
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ജനപ്രിയ ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്