ഈ പതിനൊന്നുവയസുകാരനാണ് മാമാങ്കത്തിലെ ഹീറോയെന്ന് പറഞ്ഞത് അഭിയനയചക്രവര്ത്തി സാക്ഷാല്‍ മമ്മൂട്ടി. പുതുപ്പള്ളിക്കാരന്‍ അച്യുതന് ബി.നായര്‍ക്ക് ഓസ്കാറിനെക്കാള്‍ വലിയ സനിമാ സമ്മാനം. ലോകത്തെമ്പാടുമുള്ള രണ്ടായിരത്തോളം സ്ക്രീനുകളില്‍ മാമാങ്കം തകര്‍ത്തോടുമ്പോള്‍ മലയാളത്തിന് മറ്റൊരു അഭിനയ പ്രതിഭയേക്കൂടി ലഭിച്ചിരിയ്ക്കുന്നുവെന്ന് നിസംശയം പറയാം.
അഞ്ചുവയസില്‍ തുടങ്ങിയതാണ് അച്യുതന്റെ കളരി അഭ്യാസം. വീടിനടുത്ത് കളിയ്ക്കാന്‍ കുട്ടികളെക്കിട്ടാന് അച്യുതന് ബുദ്ധിമുട്ടായിരുന്നു. വീടിന് പുറത്തധികം ഇറങ്ങുന്നതില്‍ ഇതോടെ മടിയുമായി. ശരീരമനങ്ങിക്കളിയ്ക്കാന് ഒടുവില്‍ അച്ഛന് ബാലഗോപാല്‍ മകനെ കളരിയിലെത്തിച്ചു. പിന്നീട് അച്യുതന്റെ ഇഷ്ടയിടമായി കളരി മാറുകയായിരുന്നു.
തിരക്കിനിടയിലും പരീക്ഷകളില്‍ അച്യുതന് ക്യത്യമായി എഴുതി. അഭിനയം കഴിഞ്ഞ് മുറിയിലെത്തിയാല്‍ ക്യത്യമായ പഠനം. ബന്ധുകൂടിയായ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ രോഹിത് ആയിരുന്നു സെറ്റില്‍ രക്ഷാകര്‍ത്താവ്. അഭിനയത്തിന്റെ ഇടവേളകളില്‍ വീട്ടിലെത്തുമ്പോള്‍ കോട്ടയത്തെ കെ.എസ്.ആര്.ടി.സി ഉദ്യാഗസ്ഥകൂടിയായ അമ്മ വി.സി.ശോഭ അധ്യാപികയാവും.
ആരോഗ്യകാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധാലുവായ മമ്മൂട്ടി ഏറ്റവും കൂടുതല്‍ ഉപദേശം നല്കിയതും വ്യായാമത്തിന്റെ പ്രാധാന്യത്തേക്കുറിച്ചായിരുന്നു. എല്ലാ ദിവസവും വ്യായാമം നടത്തണമെന്ന മമ്മൂട്ടിയുടെ ഉപദേശം ഷൂട്ടിംഗ് കഴിഞ്ഞശേഷവും അച്യുതന് ക്യത്യമായി പാലിയ്ക്കുന്നു. എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അരുന്ധതിയാണ് സഹോദരി.