മലയാള സിനിമാ മേഖലയിലെ തൻെറ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും തന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്നേഹാദരങ്ങളോടെ അർപ്പിക്കുന്നുവെന്ന് വിനയൻ പറഞ്ഞു. മമ്മൂക്കയും ലാലും ഡബ്ബിംഗ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലേട്ടനോട് (ഗോകുലം ഗോപാലന്) വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് ഭാഷകളിലായി ഓണക്കാലത്ത് ചിത്രം പ്രേക്ഷകമുന്നിലെത്തും. ഓണത്തിന് എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ.