പാർവതി തെരുവോത്ത്- ജാമിഅ, അലിഗഢ്.. ഭീകരത എന്നായിരുന്നു പാര്‍വതി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അലിഗഢ് സര്‍വകലാശാലയിലെ പൊലീസ് അക്രമത്തിന്റെ ഒരു വീഡിയോ ദൃശ്യം ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു പാര്‍വതി ഇക്കാര്യം പറഞ്ഞത്. ജാമിഅ സര്‍വകലാശാലയ്ക്കൊപ്പം നില്ക്കുക എന്നര്‍ഥം വരുന്ന ഹാഷ്ടാഗും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തേ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസ്സായതിനു ശേഷവും പാര്‍വതി സമാനമായ പ്രസ്താവന നടത്തിയിരുന്നു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള് ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.
ജോയ് മാത്യു- ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ ..ശരിയാണ്, മത വിശ്വാസത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ നിന്നും കയ്യടികിട്ടും. പൊലീസ് സംരക്ഷണവും ഉറപ്പ്. എന്നാൽ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങൾക്കെതിരെ ചെറുവിരൽ അനക്കിയാൽ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ. ഇതിൽ ആരുടെ കൂടെയായിരിക്കണം നമ്മൾ?
ദുൽഖർ സൽമാൻ- മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും നല്ല ഒരു ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.
റിമ കല്ലിങ്കൽ- പ്രതിഷേധിച്ച വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. സമാധാനം, നീതി എന്നിവ ആവശ്യപ്പെടുന്ന ചെറുപ്പക്കാർക്കൊപ്പം. ശക്തരും ശക്തരും ധനികരും എല്ലാം മാറിനിൽക്കുമ്പോൾ ഈ രാജ്യത്തിന്റെ യഥാർത്ഥ ഉടമകളായ ഈ കുട്ടികൾ നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുകയും പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും.
അനൂപ് മേനോൻ- ഞങ്ങൾക്കറിയാവുന്ന ഇന്ത്യയിൽ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്നത് ആരിലും ചുമത്തപ്പെട്ട ഒന്നായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതുപോലെ ജീവിതത്തിലേക്ക് വന്ന ഉറച്ച ശീലങ്ങളിലൊന്നായിരുന്നു അത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ വിശ്വസിക്കാൻ ഞങ്ങളെ ആരും നിർബന്ധിച്ചിട്ടില്ല. അത് ഞങ്ങളുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞുചേർന്നതാണ്. ഞങ്ങൾക്കറിയാവുന്ന ഇന്ത്യയിൽ ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. പക്ഷേ അവയൊന്നും വെറുപ്പ് മൂലമോ ഭയം മൂലമോ ഉണ്ടായവയല്ലായിരുന്നു. സർക്കാർ അറിയുന്നതിന്, ഇവിടെയുള്ള ഓരോ ഹിന്ദുവിനും മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളിലുള്ള സുഹൃത്തുക്കളുണ്ടാകും. ഞങ്ങൾ വളർന്നുവന്നത് അങ്ങനെയാണ്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അപരിമിതമായ ഈ സാഹോദര്യത്തെ നശിപ്പിക്കാൻ നിങ്ങൾ കൂട്ടുനിൽക്കരുത്. ജാവേദും ജോസഫും ജയദേവും ഇവിടെയുണ്ടാകണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങൾക്ക് ഞങ്ങളുടെ ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. വരും തലമുറകളിലേക്കും ഈ സ്നേഹം പകരണം.
ഷാൻ റഹ്മാൻ- ഇവരെയൊക്കെ രാജ്യത്തു നിന്നും ഓടിക്കുമ്പോള്‍ ഇതുവരെ നല്കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ എന്നായിരുന്നു ഷാന്‍ റഹ്മാന് ചോദിച്ചത്. ഇന്‍കംടാക്സും ജി.എസ്.ടിയും വാങ്ങിയിട്ടും തിരിച്ചൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് ആ പണം നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കാണുമല്ലോ. ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക പോലെയാണോ നികുതി? അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഇപ്പോഴത്തെ പ്രശ്നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ നാടകം നന്നായി നടക്കുന്നുണ്ട്. ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ലെന്നും ഷാന്‍ കൂട്ടിച്ചേര്‍ത്തു.