ആദ്യം ചെറിയച്ഛൻ ധ്രുവ് സർജ്ജയുടെ കൈകളിൽ ഇരിക്കുന്ന ചിത്രത്തിൽ നിന്നുമാണ് മേഘ്ന രാജ്-ചിരഞ്ജീവി സർജ്ജ ദമ്പതികളുടെ കടിഞ്ഞൂൽ കൺമണിയെ ലോകം പരിചയപ്പെടുന്നത്. കനവുകൾ നെയ്ത് കൂട്ടിയ അച്ഛൻ പക്ഷെ കടിഞ്ഞൂൽ കൺമണിയെ ഒരുനോക്കു കാണുന്നതിന് മുൻപ് വിടപറയേണ്ടി വന്നു. ഇപ്പോൾ ഏവരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചയുമായാണ് അടുത്ത ചിത്രം എത്തുന്നത്
ഈ ലോകം കാണും മുൻപ് വയറ്റിൽ വച്ചു തന്നെ അച്ഛനെ പരിചയപ്പെടുത്തിക്കൊടുത്ത് അമ്മ മേഘ്നയാണ്. എന്നും ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും നിറകുടമായിരുന്നു ചിരഞ്ജീവി സർജ്ജ. അങ്ങനെ തന്നെയാണ് മകൻ അച്ഛനെ അറിയുന്നത്. ഇപ്പോൾ പുറത്തു വന്ന ചിത്രത്തിൽ അച്ഛന്റെ വലിയ ഒരു ചിത്രത്തിനരികിൽ മകനെ ചേർത്തുപിടിച്ചിരിക്കുകയാണ്
പെട്ടെന്നൊരു ദിവസം ഹൃദയാഘാതം വന്നാണ് ചിരു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചിരഞ്ജീവി സർജ്ജ വിടപറയുന്നത്. അന്നേരം ഗർഭിണിയായിരുന്ന മേഘ്ന ഏതാനും മാസങ്ങൾ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പെട്ടെന്നുള്ള വിയോഗം കുടുംബത്തെ ആട്ടിയുലച്ചു. മേഘ്നയുടെ സീമന്ത ചടങ്ങുകൾക്ക് ആ വിടവ് നികത്താൻ ആവില്ലെങ്കിലും പോലും ചിരുവിന്റെ ഒരു വലിയ കട്ട്ഔട്ട് ആണ് ഒരുക്കിയിരുന്നത്
ചേട്ടന്റെ കുഞ്ഞിനെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് ചെറിയച്ഛൻ ധ്രുവ് സർജ്ജ പ്ലാൻ ചെയ്തത്. കുഞ്ഞു ജനിക്കുന്നതിനും കേവലം ഒരു ദിവസം മുൻപാണ് വിലയേറിയ തൊട്ടിൽ ഒരെണ്ണം ധ്രുവ് വാങ്ങിയത്. പത്തു ലക്ഷം രൂപ വിലമതിക്കുന്ന തൊട്ടിൽ അടിമുടി വെള്ളികൊണ്ടു തീർത്തതാണ്. അതുകൊണ്ടു തന്നെ ഈ തൊട്ടിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്തു