ഡിസംബർ മഞ്ഞിനൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളുടെ ആരാധകരുടെ മനസ്സിൽ കുളിരണിയിക്കുന്ന ഓർമ്മയാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്. തലസ്ഥാന നഗരിയിൽ ഐ.എഫ്.എഫ്.കെ. എന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അരങ്ങുണരുമ്പോൾ ഒരു പക്ഷെ ആദ്യം കേൾക്കുന്ന ചോദ്യങ്ങളിൽ ഒന്ന് 'കിം കി ഡുക്കിന്റെ പടമില്ലേ?' എന്നാവും, അതുമല്ലെങ്കിൽ 'കിം കി ഡുക് വരുമോ' എന്നും. ഇനി ഒരിക്കലും കിം ഈ വഴിയേ വരില്ല എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ മാത്രമാണ് ബാക്കിയെന്നും എന്ന തിരിച്ചറിവാണ് ആ മരണവാർത്ത മലയാളികളെ അറിയിച്ചത്. കിം ഇല്ലാത്ത ഈ ഡിസംബറിൽ മേളയും വരില്ല എന്നതും തീർത്തും യാദൃശ്ചികം
ഡയലോഗുകൾ മനസ്സിലാക്കാൻ വേണ്ടി മാത്രമേ മലയാളി പ്രേക്ഷകർക്ക് കിം കിം ഡുക് ചിത്രങ്ങളുടെ സബ്ടൈറ്റിൽ കൊണ്ട് ഉപയോഗമുണ്ടാവൂ. അദ്ദേഹത്തിന്റെ ഓരോ ഫ്രയിമും ഭാഷാന്തരങ്ങളെ ഭേദിച്ച് പ്രേക്ഷകന്റെ സംവേദന തലങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണ്. 2013 ലാണ് ഒരുപക്ഷെ സ്വന്തം നാട്ടിലേക്കാളേറെ ആരാധകരുള്ള കൊച്ചു കേരളത്തിന്റെ ചലച്ചിത്ര മേളയിൽ കിം എത്തിയത്. ആ ദിവസങ്ങളിൽ അദ്ദേഹവുമൊത്ത് സംവിധായകൻ മധുപാൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഒപ്പമുള്ളത് മാധ്യമപ്രവർത്തകൻ ഷംസുദ്ദീൻ കുട്ടോത്ത്
പൂഴിവാരിയെറിഞ്ഞാൽ നിലത്തു വീഴില്ല എന്ന അതിശയോക്തി കിം കി ഡുക് ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്ന മേള വേദികളിൽ അക്ഷരംപ്രതി സത്യമാവാറുണ്ട്. ഇരിക്കാൻ ഇരിപ്പിടമില്ലെങ്കിലും ഒരു കാലെങ്കിലും കുത്താൻ പ്രദർശനവേദിക്കുള്ളിൽ ഇടം കിട്ടിയാൽ സായൂജ്യം അടയും ആരാധകർ. പലപ്പോഴും കിം കി ഡുക് സിനിമകളിൽ ആൾക്കൂട്ടം നിയന്ത്രിക്കാൻ നിയമപാലകർ ഇടപെടേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്
കിം കി ഡുക്കിനെ കേരളം എത്രത്തോളം സ്നേഹിച്ചോ, അത്രയും സ്നേഹം അദ്ദേഹത്തിന് തിരികെയുമുണ്ടായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണ് രണ്ടു വർഷങ്ങൾക്ക് മുൻപ് കണ്ടത്. പ്രളയം കൊണ്ട് ബുദ്ധിമുട്ടിലായ നാട്ടിൽ ഐ.എഫ്.എഫ്.കെ. വേണ്ടെന്ന കാര്യം ചർച്ചയിൽ വന്നതും 'അരുത്' എന്ന് പറയാൻ കിം കി ഡുക് ഉണ്ടായി. ഡോ: ബിജു , പ്രകാശ് ബാരെ എന്നിവർ മുഖാന്തരം അദ്ദേഹം തന്റെ അഭ്യർത്ഥന അടങ്ങിയ കത്ത് കൊടുത്തയച്ചു
വന്യതയെ മറയ്ക്കു പിന്നിൽ ഒതുക്കാതെ ദൃശ്യവത്ക്കരിക്കുന്ന ശൈലിക്കാണ് കേരളത്തിൽ ആരാധകർ ഉണ്ടായതും. കിമ്മിന്റെ ഫ്രയിമുകൾ കണ്ട് ബോധം മറയുന്ന തരം അനുഭവം നേരിട്ടവർ അതിന്റെ സാക്ഷ്യപത്രങ്ങൾ. കോവിഡിന് അയവു വരുന്നതിന് ആനുപാതികമായി 2021 ഫെബ്രുവരി മാസത്തിൽ ചലച്ചിത്ര മേള നടത്താനാണ് തീരുമാനം. കിം കി ഡുക്കിന് മലയാളി പ്രേക്ഷകരുടെ വക ഒരു തിരിനാളം ഇവിടെ പ്രതീക്ഷിക്കാം