ഗർഭകാലം തുടങ്ങിയാൽ ഡാൻസ്, ഫോട്ടോഷൂട്ട്, കഴിക്കുന്ന ഭക്ഷണം, ദിനചര്യകൾ, കുഞ്ഞിന്റെ ചലനങ്ങളുടെ വിവരണം... കാലം മാറിയപ്പോൾ ഗർഭകാലം ആഘോഷിക്കുന്നതിന്റെ രീതികളും അടിമുടി മാറി. കുഞ്ഞു പിറന്നു കഴിഞ്ഞാലുള്ള സീരീസ് വേറെ. പക്ഷെ ഇതൊന്നുമില്ലാതെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ താരമാണ് മിയ ജോർജ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിവാഹിതയായ മിയ ഗർഭിണിയായ വിവരം പോലും ആരും അറിഞ്ഞില്ല, അല്ലെങ്കിൽ അറിയിച്ചില്ല എന്നതാണ് സത്യം. മിയക്കിതാ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളുമായി ആരാധകർ എത്തിയിരിക്കുന്നു
മിയയും ഭർത്താവ് അശ്വിൻ ഫിലിപ്പും ചേർന്ന് കുഞ്ഞുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് തങ്ങൾക്കൊരു മകൻ പിറന്ന വിവരം ഏവരെയും അറിയിക്കുന്നത്. ഗർഭകാലം കൊട്ടിഘോഷിക്കാതിരുന്ന മിയ ജോർജിന്റെ ചിത്രത്തിന് താഴെ എത്ര അഭിനന്ദിച്ചാലും മതിയാവാത്ത നിലയിലാണ് ആരാധകർ. ഈ കാണുന്ന കമന്റുകൾ വെറും സാമ്പിൾ മാത്രമാണ്. സോഷ്യൽ മീഡിയ ചർച്ചകളിൽ മിയക്കു മാത്രമല്ല, ഭാമയ്ക്കും അഭിനന്ദനം അറിയിക്കുന്നവരുണ്ട്. എന്നാൽ ഇവർ രണ്ടുപേരും മാത്രമല്ല, ഗർഭകാലം തങ്ങളുടെ സ്വകാര്യ സന്തോഷമായി പാലിച്ചുപോന്ന നടീനടന്മാർ മലയാള സിനിമയിൽ അനവധിയാണ്. അവരെയും ഇവിടെ പരിചയപ്പെടാം (തുടർന്ന് വായിക്കുക)
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ അമ്മയാവുന്ന വിവരം പോലും ആരും അറിഞ്ഞില്ല. മകൾ പിറന്നു, അവളുടെ പേര് അലംകൃത മേനോൻ പൃഥ്വിരാജ് എന്നാണെന്നുള്ള പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. മകളുടെ സ്വകാര്യതയെ താൻ മാനിക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ച താരമാണ് പൃഥ്വിരാജ്. ഇപ്പോഴും അലംകൃതയുടെ മുഖം കാണാത്ത തരത്തിലുള്ള പോസ്റ്റുകളാണ് പൃഥ്വിരാജും സുപ്രിയയും പോസ്റ്റ് ചെയ്യുക. സോഷ്യൽ മീഡിയയിലെ കുഞ്ഞുങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്യുന്ന പ്രവണതയുള്ള ഈ കാലത്ത് മകളുടെ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകുന്ന മാതാപിതാക്കളാണിവർ