മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രത്തിനൊപ്പം തുടര്‍ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ പോന്ന ഒരു ഗംഭീര കൂട്ടുകെട്ട് കൂടിയാണ് ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത്. സിനിമയെ അത്രയധികം പാഷനോടെ കാണുന്ന രണ്ടു പേര് കൂടിചേര്‍ന്നപ്പോള്‍ പിറന്ന ഐതിഹാസിക വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാലും പൃഥ്വിരാജും. തന്റെ പ്രിയപ്പെട്ട ഖുറേഷി അബ്രാമിന് ജന്മദിനാശംസകള് നേരാനും സംവിധായകന് മറന്നില്ല.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും പ്രത്യക്ഷപ്പെട്ട ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ലൊക്കേഷനുകളൊല്ലം നിശ്ചയിച്ച് സിനിമയ്ക്ക് ആവശ്യമുള്ള സെറ്റ് വര്‍ക്കുകള്‍ കലാസംവിധായകന്‍ മോഹന്‍ദാസിന്റെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. അധികം വൈകാതെ തന്നെ എമ്പുരാന് ചിത്രീകരണം ആരംഭിച്ചേക്കും.
സിനിമയില്‍ നായകന് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ രക്ഷകനായെത്തുന്ന കൂട്ടുകാരനെ പോലെ ലൂസിഫറില്‍ ജയിലിലായ സ്റ്റീഫന്‍ നെടുമ്പള്ളിയെ രക്ഷിക്കാനെത്തുന്ന സയിദ് മസൂദിന്റെ റോളാണ് ജീവിതത്തിലും ഇപ്പോള്‍ പൃഥ്വിരാജിന്. അടുത്തകാലത്തായി റിലീസ് ചെയ്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍ സാമ്പത്തിക വിജയമായിരുന്നെങ്കിലും പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എമ്പുരാനിലൂടെ അതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.