ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമായണ കഥയെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്. സയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ബോളിവുഡിൽ ഒരുക്കിയ ചിത്രം തെലുങ്ക് അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും പുറത്തിറങ്ങും.
1960 കളിലേയും 70 കളിലേയും യുദ്ധകാല പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ഇക്കീസ്. വരുൺ ധവാനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യ-പാക് യുദ്ധത്തിൽ കൊല്ലപ്പെട്ട അരുൺ കേദാർപാലിനെ കുറിച്ചാണ് ചിത്രം. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും ധീരനായ പട്ടാളക്കാരനായാണ് സെക്കന്റ് ലെഫ്റ്റണന്റ് അരുൺ കേദാർപാൽ വിശേഷിപ്പിക്കപ്പെടുന്നത്. അടുത്ത വർഷം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം രാഘവനാണ്.
മണിരത്നം ചിത്രം പൊന്നിയൻ ശെൽലമാണ് പ്രതീക്ഷയേകുന്ന മറ്റൊരു ചിത്രം. വമ്പൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. തെക്കേ ഇന്ത്യയിൽ ക്രി.വ. 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനും കലിംഗം മുതല്‍ ശ്രീലങ്ക വരെയുള്ള ഭൂഭാഗങ്ങളുടെ അധിപനുമായിരുന്ന അരുള്‍മൊഴി വര്‍മനെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്. വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായ്, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ജയറാം, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.