മഹാവീർ കർണ്ണ: മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന, മലയാളിയായ സംവിധായകൻ ആർ.എസ്. വിമൽ അണിയിച്ചൊരുക്കുന്ന 'മഹാവീർ കർണ്ണ', മലയാള സിനിമ നാളിതുവരെ നൽകിയ പ്രതീക്ഷകൾക്കെല്ലാം മേലെയാണ്. 2.0, RRR, സാഹോ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണ് മഹാവീർ കർണ്ണ. ചിയാൻ വിക്രം മുഖ്യകഥാപാത്രമാവുന്ന ഈ സിനിമക്ക് യുണൈറ്റഡ് ഫിലിം കിങ്ഡം മുടക്കുന്നത് 300 കോടി രൂപയാണ്. ബാഹുബലി 2നെക്കാളും 50 കോടി രൂപ കൂടുതൽ മുതൽമുടക്കിലാണ് ഈ സിനിമയൊരുങ്ങുന്നത്. 2020ൽ ചിത്രം റിലീസ് ആവുമെന്ന് പ്രതീക്ഷിക്കുന്നു
മരക്കാർ അറബിക്കടലിന്റെ സിംഹം: നായകൻ: മോഹൻലാൽ, സംവിധാനം: പ്രിയദർശൻ. മോഹൻലാലിൻറെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രം. ഒരു തനി മലയാള ചിത്രം എന്ന നിലയിൽ ആദ്യമായാണ് മലയാള സിനിമയിൽ 100 കോടി മുതൽമുടക്കിൽ ഒരു സിനിമയൊരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ നിർമ്മാണ സംരംഭമാണ് ഈ സിനിമ. മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ നീണ്ട നായിക നിര ഈ ചിത്രത്തിനായി അണിനിരക്കുന്നു
ആട് ജീവിതം: മലയാളി വായനക്കാർ നെഞ്ചേറ്റിയ നോവലിന് സിനിമാ ആവിഷ്കാരം ഒരുങ്ങുന്നു. ഈ പ്രത്യേകതയുമായി ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാവുന്ന വർഷമാണ് 2020. ബെന്യാമിൻ രചിച്ച ആട് ജീവിതത്തിന് സിനിമ ഭാഷ്യം ഒരുക്കുന്നത് ബ്ലെസ്സി. 2018 മാർച്ച് മാസം ആരംഭിച്ച ചിത്രീകരണം ഇനിയും പൂർത്തിയായിട്ടില്ല. എന്നിരുന്നാലും 2020ൽ ഈ സിനിമ പ്രേക്ഷകരെ തേടിയെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചിത്രത്തിൽ നായകൻ നജീബാവുന്നത് പൃഥ്വിരാജ് സുകുമാരൻ. മൂന്നു മാസത്തെ ഇടവേളയെടുത്ത് നജീബിന്റെ ശരീര ഭാഷയിലേക്ക് പ്രവേശിക്കുന്ന തയാറെടുപ്പിലാണ് പൃഥ്വി ഇപ്പോൾ
കാളിയൻ: 17-ാം നൂറ്റാണ്ടിലെ തമസ്ക്കരിക്കപ്പെട്ട ചരിത്രത്തിലേക്കുള്ള മടക്കയാത്രയാണ് കാളിയൻ. വേണാട് രാജവംശത്തിന്റെ പടത്തലവൻ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായിരുന്ന കുഞ്ചിറകോട്ട് കാളിയുടെ കഥ പറയുന്നു ചിത്രം. കാളിയായി പൃഥ്വിരാജ്. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ വിശേഷം ലൊക്കേഷൻ ഹണ്ട് ആരംഭിച്ചു എന്നതാണ്. 2020ഓടെ ചിത്രീകരണം ആരംഭിക്കും. എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം രാജീവ് നായർ (മാജിക് മൂൺ പ്രൊഡക്ഷൻസ്) നിർമ്മിക്കും. പൃഥ്വിരാജിന്റെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന തലക്കെട്ടോടെ കാളിയൻ അണിയറയിലേക്ക്
ബിഗ് ബ്രദർ: ലൂസിഫറിനും മരക്കാറിനും ഇടയിൽ പെടുത്താവുന്ന മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമാണ് ബിഗ് ബ്രദർ. 32 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചിത്രം വർഷങ്ങൾക്ക് ശേഷമുള്ള മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയോടെ പുറത്തിറങ്ങുന്നു. 2020ൽ ആദ്യം റിലീസാവുന്ന മോഹൻലാൽ ചിത്രം എന്ന സവിശേഷത കൂടിയുണ്ട്. സിദ്ദിഖിന്റെ എസ്.പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു
ഷൈലോക്ക്: നിലവിൽ ഏറെ പ്രതീക്ഷയുള്ള മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റർപീസ് സംവിധായകൻ അജയ് വാസുദേവിനൊപ്പം മമ്മൂട്ടി വീണ്ടും കൈകോർക്കുന്ന ചിത്രം ജോബി ജോർജ് നിർമ്മിക്കും. 2020 ലെ ആദ്യ മമ്മൂട്ടി ചിത്രമാവുമിത്. ഒരു പണം കൊടുപ്പുകാരന്റെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന ചിത്രം സിനിമാലോകത്ത് വൻ ചർച്ചാ വിഷയമായിക്കഴിഞ്ഞു
മിന്നൽ മുരളി: ഗോദ എന്ന സ്പോർട് ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിൽ മറ്റൊരു സിനിമ കൂടി. നാടൻ സൂപ്പർ ഹീറോയായി ടൊവിനോ തോമസ് 'മിന്നൽ മുരളി'യിൽ വേഷമിടും. സോഫിയ പോൾ ചിത്രം നിർമ്മിക്കും. നീണ്ട മാസങ്ങൾ ഷൂട്ടിങ്ങിനായി മാത്രം ചിലവഴിക്കുന്ന ചിത്രം ആക്ഷൻ പ്രാധാന്യത്തോടെ നാല് ഭാഷകളിൽ റിലീസ് ചെയ്യുന്നു
കുറുപ്പ്: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ വേഷമിടുന്നു. ദുൽഖറിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണ് സുകുമാര കുറുപ്പ്. പൊലീസിന് ഇനിയും പ്രഹേളികയായി തുടരുന്ന സുകുമാര കുറുപ്പിനെപ്പറ്റി പുറത്തു വരുന്ന ആദ്യ സമഗ്ര കൊമേർഷ്യൽ ഛായയുള്ള ചിത്രമാകും കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസ്, എം സ്റ്റാർ ഫിലിംസ് എന്നിവയുടെ സംയുക്ത നിർമ്മാണ സംരംഭമാണ്
ട്രാൻസ്: 2019ൽ പല റിലീസ് തീയതികൾ പ്രഖ്യാപിക്കപ്പെടുകയും എന്നാൽ റിലീസ് ആവാതെ പോയതുമായ ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് 2020ൽ പുറത്തെത്തും എന്ന ഉറപ്പു നൽകുന്നു. ഏഴു വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. അന്വര് റഷീദ് എന്റർടെയിന്മെന്റ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ്. പ്രമേയത്തെയോ ഉള്ളടക്കത്തെയോ പറ്റി അണിയറയിൽ നിന്നും വിവരങ്ങൾ പുറത്തു വരാത്ത ചിത്രം ഫഹദിനെ ഒരു ആൾദൈവത്തിന്റെയോ സുവിശേഷകന്റെയോ വേഷത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന
തുറമുഖം: കായംകുളം കൊച്ചുണ്ണി, മൂത്തോൻ സിനിമകൾക്ക് ശേഷം നിവിൻ പോളി തിരഞ്ഞെടുത്തിരിക്കുന്ന വെല്ലുവിളിയേറെയുള്ള കഥാപാത്രമാണ് തുറമുഖത്തിലൂടെ പ്രേക്ഷക മുന്നിലെത്തുക. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങൾ പറയുന്ന ചിത്രമാണിത്. സുകുമാർ തെക്കേപ്പാടിൻറെ കീഴിൽ തെക്കേപ്പാട് ഫിലിംസും, മിനി സ്റ്റുഡിയോയും ചേർന്നാണ് ഈ രാജീവ് രവി ചിത്രത്തിൻ്റെ നിർമ്മാണം. 1950ൽ പ്രചരിച്ചിരുന്ന ചാപ്പാ സമ്പ്രദായത്തിലൂന്നി നിർമ്മിക്കപ്പെടുന്ന ചിത്രം പുതുവർഷത്തിൽ പ്രേക്ഷക മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം