പൃഥ്വിരാജും ജയസൂര്യയും അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിൽ മമ്മൂട്ടിയും ലാലും വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രശസ്ത തിരക്കഥാ കൃത്ത് ബെന്നി പി നായരമ്പലം. മലയാള സിനിമയിൽ സൂപ്പർ ഹിറ്റായി മാറിയ തൊമ്മനും മക്കളും എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ സ്ഥാനത്ത് മമ്മൂട്ടി നായകവേഷത്തിലെത്തിയതെന്നും ബെന്നി പറയുന്നു. ഈ ചിത്രം തിയറ്ററുകളിൽ വലിയ വിജയം നേടുകയും ചെയ്തു.
'ഒരു അച്ഛന്റെയും രണ്ടു മക്കളുടെയും കഥയായിരുന്നു തൊമ്മനും മക്കളും. ചിത്രം എഴുതിയത് പൃഥ്വിരാജിനെയും ജയസൂര്യയെയും ലാലിനെയും മനസിൽ കണ്ടുകൊണ്ടാണെന്നും ബെന്നി പി നായരമ്പലം പറയുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഈ കഥ ആദ്യം പറഞ്ഞത് ലാലിനോടാണ്. പ്രണയകഥയായാണ് ആദ്യം എഴുതിയത്. പൃഥ്വിരാജിനെയും ജയസൂര്യയെയും മക്കളായും ലാലിനെ അച്ഛനായുമാണ് ഉദ്ദേശിച്ചിരുന്നത്'-ബെന്നി പറഞ്ഞു.
'ആ സമയത്ത് ലാൽ നിർമ്മിക്കുന്ന ബ്ലാക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ബ്ലാക്കിന്റെ ചിത്രീകരണം ഏറെ കുറെ അവസാനിക്കാറായിരുന്നു. അങ്ങനെയിരിക്കെയാണ് ലൊക്കേഷനിൽവെച്ച് ഈ കഥയെ കുറിച്ച് മമ്മൂട്ടിയോട് പറയുന്നത്. അപ്പോൾ വീട്ടിലേക്ക് പോകാമെന്നായി മമ്മൂട്ടി. അങ്ങനെ മമ്മൂക്കയ്ക്കൊപ്പം കാറിൽ ഇരുന്നാണ് കഥ പറഞ്ഞത്. കഥ കേട്ട മമ്മൂക്കയ്ക്ക് ഇഷ്ടമായി. പൃഥ്വിരാജിനെയാണ് ഉദ്ദേശിച്ചതെന്നും, രാജു തമിഴിൽ അഭിനയിക്കാൻ പോയ കാര്യവും പറഞ്ഞു. മമ്മൂക്ക ഈ വേഷം ചെയ്യാമോയെന്ന് ലാലാണ് ചോദിച്ചത്. പിന്നെന്താ നമുക്ക് ചെയ്യാമല്ലോയെന്നായിരുന്നു മമ്മൂക്കയുടെ പെട്ടെന്നുള്ള മറുപടി'- ബെന്നി പി നായരമ്പലം ഓർത്തെടുത്തു.
2005ൽ പുറത്തിറങ്ങിയ ചിത്രമാണ് തൊമ്മനും മക്കളും. ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിയും ലാലും മക്കളായി എത്തിയപ്പോൾ ഇവരുടെ അപ്പൻ തൊമ്മനായി രാജൻ പി ദേവാണ് അഭിനയിച്ചത്. സിന്ധു മേനോൻ, ജനാർദ്ദനൻ, സലിംകുമാർ എന്നിവരും മുഖ്യവേഷത്തിലെത്തി. സിനിമ വമ്പൻ ഹിറ്റായതോടെ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിക്രമിനെ നായകനാക്കി ഷാഫി തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് മജാ എന്നാണ് പേരിട്ടത്. എന്നാൽ തമിഴിൽ ചിത്രം പരാജമായി. പിന്നീട് സുദീപിനെ നായകനാക്കി കന്നഡയിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു.