കൊച്ചി: നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകനാകുന്ന 'ബ്രദേഴ്സ് ഡേ' സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഓണം റിലീസായാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പോസ്റ്ററിലെ പൃഥ്വിരാജിന്റെ പുതിയ താടി ലുക്ക് മിനിറ്റുകൾക്കകം ഹിറ്റായി. ക്ലാസ്മേറ്റ്സിലെ സുകുമാരനെ ഓർമിപ്പിക്കുന്ന പൃഥ്വി എന്നാണ് ചിലരുടെ കമന്റ്.
ബുള്ളറ്റ് ക്ലാസിക്കില്‍ ചാരി നില്ക്കുന്ന പൃഥ്വി ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും മാറി ഹ്യൂമര്‍ ഫാമിലി ടച്ചുള്ള ഒരു കഥാപാത്രം തെരഞ്ഞെടുത്തുവെന്നതാണ് ഈ സിനിമയുടെ പ്രത്യേകത. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും.
ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം ജിത്തു ദാമോദറാണ്. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം അവതരിപ്പിച്ചത് ഷാജോൺ ആയിരുന്നു.