ആർപ്പുവിളികളും കയ്യടികളും നിറഞ്ഞിരുന്ന തിയേറ്ററുകൾ ഇനി എന്ന് തുറക്കും എന്ന കാത്തിരിപ്പിലാണ് സിനിമാ ലോകം. അവസാന ചിത്രം തിയേറ്റർ കണ്ടിട്ട് രണ്ട് മാസത്തോളമാവുന്നു. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിക്ക് മുന്നിൽ ലോകം പകച്ചു നിൽക്കുമ്പോൾ എത്രയും വേഗം ഏറ്റവും അടുത്തുള്ള സൗകര്യം ഉപയോഗിച്ച് സിനിമകൾ റിലീസ് ചെയ്യാൻ ഒരു കൂട്ടം ചലച്ചിത്ര നിർമ്മാതാക്കളും സംവിധായകരും മുന്നോട്ടു വരികയാണ്. തിയേറ്ററിൽ എത്താതെ നേരിട്ട് ഡിജിറ്റൽ റിലീസ് നടത്തുന്ന ചിത്രങ്ങൾ മെയ് 29 മുതൽ ആരംഭിക്കുന്നു. ഏഴു ചിത്രങ്ങളാണ് ആദ്യ പന്തിയിൽ നിരക്കുക
തെന്നിന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ ആദ്യ ചിത്രമാണ് ജ്യോതിക വക്കീൽ വേഷത്തിലെത്തുന്ന 'പൊന്മകൾ വന്താൾ'. തിയേറ്റർ റിലീസ് മറികടന്ന് ഡിജിറ്റൽ റിലീസിന് തയാറായി ഒരു തമിഴ് ചിത്രം എത്തിയത് തെല്ലൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്. സൂര്യ നിർമ്മിക്കുന്ന ഈ ചിത്രം ഡിജിറ്റൽ റിലീസ് നടത്തിയാൽ മേലിൽ സൂര്യയുടെ ചിത്രങ്ങൾക്കായി പ്രദർശനശാലകൾ തുറക്കില്ല എന്ന് എക്സിബിറ്റേഴ്സ് ഒരു വശത്ത് കടുംപിടിത്തം പിടിച്ചു. ചിത്രം ആമസോൺ പ്രൈമിൽ മെയ് 29ന് റിലീസ് ആവും. സംവിധാനം: ജെ.ജെ. ഫ്രഡറിക്ക്
തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസാവുന്ന കീർത്തി സുരേഷ് ചിത്രം 'പെൻഗ്വിൻ' ജൂൺ 19 ന് ആമസോൺ പ്രൈം വഴി പ്രേക്ഷകരുടെ മുന്നിലെത്തും. സ്ത്രീകേന്ദ്രീകൃത കഥാപാത്രവുമായി കീർത്തി എത്തും. ഗർഭിണിയുടെ ലുക്കിലെ പോസ്റ്ററുകൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഈശ്വർ കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കാർത്തിക് സുബ്ബരാജ്
വിദ്യ ബാലൻ നായികയായി, അനു മേനോൻ സംവിധാനം ചെയ്ത് വിക്രം മൽഹോത്രയും സോണി പിക്ചേഴ്സും നിർമ്മിക്കുന്ന ബൊളിവിഡ് ചിത്രം 'ശകുന്തള ദേവി' ആമസോൺ പ്രൈം വഴി പുറത്തിറങ്ങും. അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിർദ്ധാരണം ചെയ്താണ് ഗണിതശാസ്ത്രജ്ഞ ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്റെ പേരിൽ പ്രശസ്തയായി മാറി. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല
കോമഡി പ്രമേയത്തിൽ ഒരുക്കുന്ന കന്നഡ ചിത്രം 'ഫ്രഞ്ച് ബിരിയാണി'. ഒരു ഫ്രഞ്ച് വിനോദസഞ്ചാരിയും ഓട്ടോ ഡ്രൈവറും ചേർന്നുള്ള മൂന്നു-ദിവസം നീളുന്ന യാത്രയാണ് ഈ സിനിമ. അശ്വിനി പുനീത് രാജ്കുമാർ, ഗുരുദത്ത് എ. തൽവാർ എന്നിവർ ചേർന്നൊരുക്കുന്ന സിനിമയിൽ ഡാനിഷ് സേട്ട്, സൽ യൂസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പന്നഗ ഭരണ സംവിധാനം ചെയ്ത സിനിമ ജൂലൈ 24ന് ആണ് റിലീസ്