കേരളത്തിലെ ആരോഗ്യമേഖലയൊന്നാകെ കോവിഡ് 19നെ കീഴടക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂഹിക വ്യാപനം ഉണ്ടായാലുള്ള പ്രത്യാഘാതങ്ങൾ നേരിടാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത നിലവിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുവാനായി സ്വന്തം വീട് വിട്ടുനൽകുമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ CEO യും മലയാളിയുമായ സംവിധായകൻ സോഹൻ റോയ്
തൃശൂർ ജില്ലയിലെ ദേശമംഗലത്ത് സ്ഥിതി ചെയ്യുന്ന 10,000 സ്ക്വയർ ഫീറ്റ് വീടാണ് അദ്ദേഹം ഐസൊലേഷൻ വാർഡിനായി വിട്ടു നൽകിയിരിക്കുന്നത്. തന്റെ അൻപത്തിമൂന്നാം ജന്മദിനത്തിന് ലഭിച്ച ആശംസകൾക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനിടയിലാണ് ഈ വിവരം അദ്ദേഹം പങ്കു വച്ചത്. "ഈ വിശേഷാവസരത്തിൽ ആരെയും ക്ഷണിക്കാനോ ആഘോഷിക്കാനോ കഴിഞ്ഞില്ല, പക്ഷെ നാട്ടിലെ വീട് ഇത്തരമൊരു മഹത്തായ കാര്യത്തിന് വിട്ടുനൽകാൻ തീരുമാനിച്ചപ്പോൾ ജന്മദിന സന്തോഷം ഇരട്ടിയായി," സോഹൻ പറഞ്ഞു
പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏരീസ് ഗ്രൂപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. 2015ലെ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ് മുൻകൈ എടുത്തിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ ഏകദേശം അൻപതോളം വീടുകളും ഏരീസ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയിട്ടുണ്ട്