ലൂസിഫർ: മലയാള സിനിമക്ക് സ്വന്തമായി 200 കോടി ക്ലബ് നേടിത്തന്ന ചിത്രം. കോടി ക്ളബ്ബുകളുടെ തമ്പുരാനായ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 2019ൽ മലയാളത്തിന് എക്കാലവും ഓർക്കാവുന്ന നേട്ടം സമ്മാനിച്ചാണ് കടന്ന് പോയത്. കന്നി സംവിധാന സംരംഭത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടിയ നടനും, സംവിധായകനും നിർമ്മാതാവും എന്ന ഖ്യാതി പൃഥ്വിരാജ് സ്വന്തമാക്കിയ ചിത്രം കൂടിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം
മധുരരാജ: ഇന്ത്യൻ സിനിമയുടെ രോമാഞ്ചമായ സണ്ണി ലിയോണിയുടെ മലയാള സിനിമാ പ്രവേശം എന്ന പേരിൽ തന്നെ വാർത്തകളിൽ നിറഞ്ഞ മധുരരാജ 100 കോടി നേടിയാണ് തിയേറ്ററുകളിൽ നിന്നും പടിയിറങ്ങിയത്. മമ്മൂട്ടി നായകനായ ചിത്രം പോക്കിരിരാജയുടെ തുടർച്ചയെന്നോണം തിയേറ്ററിലെത്തിയ സിനിമയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം പ്രവാസി വ്യവസായിയായ നെൽസൺ ഐപ്പിന്റെ ആദ്യ നിർമ്മാണ ചിത്രം കൂടിയാണ്
തണ്ണീർമത്തൻ ദിനങ്ങൾ: ചെറിയ മുതൽമുടക്കിൽ പൊൻകിലുക്കം നേടിയ 2019 ചിത്രങ്ങളുടെ ആരംഭം കുറിക്കുന്നത് തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ്. കേവലം രണ്ട് കോടി ചിലവഴിച്ച് ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ജോമോൻ ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. നേടിയതാകട്ടെ 50 കോടി ക്ലബ്ബിൽ ഒരിടവും. വളരെ ചെറിയ മുതൽമുടക്കിൽ മികച്ച നേട്ടം കൈവരിച്ച സിനിമകളിൽ മുൻപന്തിയിലാണ് തണ്ണീർമത്തൻ ദിനങ്ങളുടെ സ്ഥാനം. സ്കൂൾ വിദ്യാർത്ഥികളെ നായകനും നായികയുമാക്കിയ ചിത്രത്തിൽ ഓരോചിത്രങ്ങൾ വീതം അതുവരെ ഉണ്ടായിരുന്ന മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി
കുമ്പളങ്ങി നൈറ്റ്സ്: ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് നസ്രിയ നസീമും ചേർന്നാണ് കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ചത്. മധു സി. നാരായണൻ സംവിധാനം ചെയ്ത ചിത്രം പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവർ നായക വേഷം തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ചിത്രം 6.5 കോടി മുത്തമുടക്കിൽ 39.74 കോടി രൂപ നേടി. ചിലവഴിച്ചതിന്റെ അഞ്ചിരട്ടിയിലധികം തിരികെ നേടി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
മാമാങ്കം: ഇപ്പോഴും തിയേറ്ററുകളിലുള്ള 'മാമാങ്കം' മമ്മൂട്ടി ചരിത്ര പുരുഷനായി ഏറ്റവും ഒടുവിൽ എത്തിയ മലയാള സിനിമയാണ്. മാമാങ്ക മഹോത്സവത്തിലെ ചാവേറുകളുടെ അപൂർവ കഥയുമായാണ് ഈ സിനിമ പ്രേക്ഷക മുന്നിലെത്തിയത്. നിലവിലെ കളക്ഷൻ അനുസരിച്ച് ഈ ചിത്രം 30.50 കോടി നേടിക്കഴിഞ്ഞു. വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം ആദ്യം സജീവ് പിള്ളയും, ശേഷം എം. പത്മകുമാറുമാണ് സംവിധാനം ചെയ്തത്
ലവ്, ആക്ഷൻ, ഡ്രാമ: അജു വർഗീസ്, നിവിൻ പോളി കൂട്ടുകെട്ട് ചേർന്നൊരുക്കിയ ചിരി വിരുന്നായിരുന്നു വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലെത്തിയ ദിനേശനും ശോഭയും. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനം, അജുവിന്റെ ആദ്യ നിർമ്മാണം, നിവിൻ പോളി-നയൻതാര എന്നിവരുടെ മലയാളത്തിലെ ശക്തമായ മടങ്ങിവരവ് എന്നിവയൊക്കെ ലവ്, ആക്ഷൻ, ഡ്രാമയുടെ ഹൈലൈറ്റ്സ് ആണ്. 28.42 കോടിയാണ് ഈ സിനിമ കളക്ഷൻ ഇനത്തിൽ നേടിയത്
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന: ആക്ഷൻ, പെർഫോമൻസ് ചിത്രങ്ങളുടെ പിന്നാലെ പോയ മോഹന്ലാലിന്റെ കുടുംബചിത്രങ്ങളിലേക്കുള്ള മടങ്ങി വരവായിരുന്നു ജിബി-ജോജുമാർ സംവിധാനം ചെയ്ത ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. വാർദ്ധക്യത്തിന്റെ ഏകാന്തത നർമ്മവും, ചിന്തനീയവുമായ കഥാസന്ദർഭങ്ങളിലൂടെ പറഞ്ഞ ആശിർവാദ് സിനിമാസ് നിർമ്മിച്ച ചിത്രം 28.42 കോടി നേടി
ഉണ്ട: പേരിലെ വ്യത്യസ്തതയെക്കാളും കണ്ടിറങ്ങിയവർക്ക് നവീനാനുഭവം നൽകിയ ചിത്രമാണ് മമ്മൂട്ടിയുടെ പോലീസ് ചിത്രം 'ഉണ്ട'. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉത്തരേന്ത്യൻ സംസ്ഥാനത്ത് ഡ്യൂട്ടിക്ക് പോയ കേരള പോലീസ് സംഘത്തിന്റെ അവസ്ഥ പറഞ്ഞ ചിത്രം 25.48 കോടിയാണ് വാരിക്കൂട്ടിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം മൂവി മിൽ, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ സംയുക്ത നിർമ്മാണ സംരംഭമാണ്
ഒരു യമണ്ടൻ പ്രേമകഥ: നീണ്ട ഇടവേളക്കും അന്യഭാഷാ പര്യടനത്തിനും ശേഷം ദുൽഖർ സൽമാനെ മലയാളത്തിന് തിരികെ ലഭിച്ച ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. തീർത്തും സാധാരണമായ പ്രമേയവുമായി വന്ന യുവാക്കളുടെ ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. ആന്റോ ജോസഫ്, സി.ആർ. സലിം എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം 24.20 കോടി രൂപ നേടി
ഉയരെ: ബോളിവുഡിൽ ദീപിക പദുകോൺ വേഷമിട്ട 'ചപാക്' അണിയറ വിശേഷങ്ങൾ തരംഗം സൃഷ്ടിക്കുന്നതിനിടെ മലയാളത്തിൽ ഉണ്ടായ ചിത്രമാണ് ഉയരെ. പാർവതി നായികാ വേഷം ചെയ്ത ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥയുമായാണ് വെള്ളിത്തിരയിലെത്തിയത്. ഈ സംഭവത്തിന് ശേഷം പൈലറ്റ് സ്വപ്നങ്ങൾ മങ്ങിയ പല്ലവി രവീന്ദ്രൻ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് പാർവതിയാണ്. എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച ചിത്രം 22.10 കോടി കളക്റ്റ് ചെയ്തു. സംവിധാനം മനു അശോകൻ.