വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടൻ നാഗ ചൈതന്യ (Naga Chaitanya). ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വർഷം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേർപിരിയുന്നത് അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ഉടൻ പുറത്തിറങ്ങുന്ന തന്റെ ചിത്രമായ ബംഗാർരാജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ നാഗ ചൈതന്യ തന്റെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. 'അവൾ സന്തോഷവതിയാണെങ്കിൽ താൻ സന്തോഷവാനാണ്. ഈ അവസരത്തിൽ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം'- നാഗ ചൈതന്യ പറഞ്ഞു.
2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വർഷത്തോളം ഇരുവരും ഒരുമിച്ചുകഴിഞ്ഞ ശേഷമാണ് തങ്ങളുടെ വേർപിരിയലിന്റെ വാർത്ത പ്രഖ്യാപിച്ചത്. “വളരെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരാൻ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരിക്കാൻ ഭാഗ്യമുണ്ട്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതൽ ആയിരുന്നു, അത് എല്ലായ്പ്പോഴും ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ബന്ധം നിലനിർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഈ ദുഷ്കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾക്ക് മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.''- ഇരുവരും സോഷ്യൽ മീഡിയയില് പറഞ്ഞു.
വിവാഹശേഷം തന്റെ സിനിമകളിൽ ബോൾഡ് സീനുകളും ഐറ്റം നമ്പറുകളും ചെയ്യുന്നത് തുടരാനുള്ള സാമന്തയുടെ തീരുമാനത്തിൽ നാഗ ചൈതന്യ മാത്രമല്ല, അദ്ദേഹത്തിന്റെ അച്ഛൻ നാഗാർജുന അക്കിനേനിയും മറ്റുള്ളവരും തൃപ്തരല്ലെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസ് ഫാമിലി മാൻ 2 ലെ സാമന്തയുടെ ചൂടൻ രംഗം കണ്ട് നാഗ ചൈതന്യയും കുടുംബവും പൂർണ്ണമായും ഞെട്ടിപ്പോയെന്നും റിപ്പോർട്ടിൽ പറയുന്നു.