ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര (34) വിവാഹിതയാകുന്നു. സംവിധായകനും നടനും ഗാനരചയിതാവുമായ വിഘ്നേഷ് ശിവൻ (33) ആണ് വരൻ. നാലുവർഷമായി ഇരുവരും പ്രണയത്തിലാണ്. ഈ വർഷാവസാനം വിവാഹ നിശ്ചയവും അടുത്ത വർഷമാദ്യം വിവാഹവുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന ചലച്ചിത്ര അവാർഡ് പരിപാടിക്കിടെ വിഘ്നേഷിനെ ഭാവിവരൻ എന്ന് നയൻതാര പരിചയപ്പെടുത്തിയിരുന്നു. തിരുവല്ല സ്വദേശി നയൻതാര (ഡയാന മറിയ കുര്യൻ) സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ താരറാണിയായി. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള നടിമാരിലൊരാളാണ് ഇന്ന് നയൻതാര. 2015ൽ വിഘ്നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും സൗഹൃദത്തിലായത്. 2007 മുതൽ തമിഴ് സിനിമയിൽ സജീവമായ വിഘ്നേഷ് മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങൾക്ക് ഗാനരചനയും നിർവഹിച്ചു. നയൻതാരയും വിഘ്നേഷും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.