മലയാള സിനിമയിൽ പേരെടുത്ത അഞ്ച് പ്രമുഖരുടെ മക്കൾ ഒരുമിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഈ അപൂർവ സമാഗമത്തിന് അരങ്ങൊരുങ്ങുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും പ്രിയദർശന്റെ മകൻ കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ജി. വേണുഗോപാൽ, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ എന്നിവരുടെ മക്കളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇവരെല്ലാം ഒന്നിച്ച് അണിനിരക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സന്തോഷ് വർമയും ഡോ. കൃതയയും ചേർന്നെഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അൽഫോൺസ് ജോസഫാണ്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫാറർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ലാൽ ജോസിന്റെ സഹസംവിധായകനായിരുന്ന അനൂപ് സത്യൻ ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണിത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് ജോഡികളായ സുരേഷ് ഗോപിയും ശോഭനയും ഈ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.