എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആണ് പട്ടികയിൽ ഇടംനേടിയ ഒന്നാമത്തെ ചിത്രം. കൗതുകമുണർത്തുന്ന കഥാസന്ദർഭം, ഗംഭീരമായ ആക്ഷൻ രംഗങ്ങൾ, പ്രധാനതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ, ആകർഷകമായ സംഗീതം, മികവുറ്റ ദൃശ്യഭംഗി എന്നിവകൊണ്ടെല്ലാം ആർആർആർ മികച്ചു നിൽക്കുന്നുവെന്നാണ് നിരീക്ഷണം. ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രത്തിൽ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററിൽ ചരിത്രം വിജയം നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലും കാണാം.
രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രം ഗുഡ്ബൈ ആണ് പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ ചിത്രം. വികാസ് ബാൽ സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചനാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. കുടുംബ ബന്ധങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തിൽ മരണാനന്തര ചടങ്ങുകൾ മരിച്ചവർക്കു വേണ്ടിയല്ല, അവർ ഉപേക്ഷിച്ചു പോയ ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയാണെന്ന് ചിത്രം പറയുന്നു. നെറ്റ്ഫ്ലിക്സിൽ സിനിമ ലഭ്യമാണ്.
സാലി എൽ ഹുസൈനി സംവിധാനം ചെയ്ത ദി സ്വിമ്മേഴ്സ്. സിറിയൻ അഭയാർത്ഥികളായ രണ്ട് സഹോദരിമാരുടേയും അവർ നേരിടുന്ന പ്രതിസന്ധികളുടേയും കഥയാണ് സ്വിമ്മേഴ്സ് പറയുന്നത്. അതിസാഹസികമായി സിറിയയിൽ നിന്ന് കടൽമാർഗം യൂറോപ്പിലെത്തുന്ന ഉസ്റ, സാറ എന്നീ സഹോദരിമാർ. അവരിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. അഭയാർത്ഥി പ്രശ്നങ്ങളും യുദ്ധങ്ങൾ മൂലം ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുമെല്ലാം ചിത്രത്തിൽ പറയുന്നു. നെറ്റ്ഫ്ലിക്സിലൂടെ സിനിമ കാണാം.
പട്ടികയിൽ നാലാമതായാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് ഉൾപ്പെട്ടിരിക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ അഴിമതിയും ചുവപ്പുനാടകളും എങ്ങനെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ പറയുന്നത്. ഡിസ്നി+ഹോട്ട്സ്റ്റാറിൽ സിനിമ ലഭ്യമാണ്.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ റൊഷാക്കാണ് പട്ടികയിൽ ഉൾപ്പെട്ട രണ്ടാമത്തെ മലയാള ചിത്രം. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഈ വർഷം കണ്ട ഏറ്റവും രസകരമായ സിനിമ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പാരാനോർമൽ , സസ്പെൻസ്, വൈകാരികത, നാടകീയത എന്നിവയെല്ലാം ഉൾപ്പെടുന്ന ചിത്രമാണ് റൊഷാക്ക് എന്ന് വിശേഷിപ്പിക്കുന്നു.