മണിച്ചിത്രത്താഴിന്റെ ഗാനങ്ങൾ ഈണമിടാനുള്ള അഡ്വാൻസ് തുകയുമായി എം.ജി. രാധാകൃഷ്ണന്റെ മുന്നിലെത്തിയതാണ് സംവിധായകൻ ഫാസിൽ. തുക കൈമാറിയ ശേഷം ഫാസിൽ ദൃശ്യചാരുത തുളുമ്പുന്ന രീതിയിൽ കഥ പറയാൻ തുടങ്ങി. ഒടുവിൽ കഥകേട്ട് കഴിഞ്ഞ രാധാകൃഷ്ണൻ അഡ്വാൻസ് മടക്കി നൽകി പിൻവാങ്ങാനുള്ള തീരുമാനമറിയിക്കുകയായിരുന്നു. എന്നാൽ അനുജനെ പോലെ കണ്ടിരുന്ന ഫാസിലിന്റെ നിർബന്ധത്തിനു മുന്നിൽ പറ്റില്ല എന്ന് പറയാൻ രാധാകൃഷ്ണനായില്ല. അങ്ങനെ പിറന്നതാണ് മണിച്ചിത്രത്താഴിലെ കാലത്തെ വെല്ലുന്ന ഗാനങ്ങൾ. ആ ഗാനങ്ങളുടെ ആദ്യ പ്രേക്ഷക മറ്റാരുമല്ല, ഭാര്യ പത്മജ രാധാകൃഷ്ണനായിരുന്നു. മുൻപ് മനോരമിയിൽ നൽകിയ അഭിമുഖത്തിൽ പത്മജ ആ ഓർമ്മകൾ പങ്കിടുന്നു:
'പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ, പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ, നിലവറ മൈന മയങ്ങി സരസ സുന്ദരീ മണി നീ, അലസമായ് ഉറങ്ങിയോ വിരലിൽ നിന്നും വഴുതി വീണു അലസമായൊരാദി താളം’ ഇതുമാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു. അതില് ഉറങ്ങിയോ, മയങ്ങിയോ എന്നൊക്കെ വരുന്ന ഒരു വരികൂടി ഉണ്ടെങ്കിൽ ഒരു പൂർണത കിട്ടില്ലേ എന്നു ഞാൻ ചോദിച്ചു. അപ്പോൾ ബിച്ചു ചേട്ടൻ പറഞ്ഞു. ‘ആ നോക്കട്ടെ.’ അങ്ങനെ പിറ്റേന്ന് ആ വരികൂടി വന്നു. ‘കനവു നെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ’. അപ്പോഴാണ് അതിന്റെ കംപ്ലീറ്റ്നെസ് കിട്ടിയത്
അതിനുശേഷം ആ പാട്ടു പാടി കേട്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി. അപ്പോൾ ചേട്ടൻ ബിച്ചു ചേട്ടനോടു പറഞ്ഞു പറഞ്ഞു. ‘എടാ ഇതാണു നമുക്കു കിട്ടുന്ന ഫീഡ്ബാക്. കാരണം മൂന്നാമതൊരാൾ കേൾക്കുമ്പോഴുണ്ടാകുന്ന പ്രതികരണമാണല്ലോ പ്രേക്ഷകർക്കും ഉണ്ടാകുന്നത്. അതുമതി.’ അങ്ങനെ പാട്ട് ഫിക്സ് ചെയ്തു. ഈ പാട്ട് ഭയങ്കര ഹിറ്റാകുമെന്ന് അപ്പോൾ എനിക്കു തോന്നി
പൊതുവെ ഞാൻ എന്തെങ്കിലും സജഷൻ പറഞ്ഞാലും ചേട്ടൻ അതു കേൾക്കാറുണ്ട്. ചിലപ്പോൾ ആ രാഗം വേണ്ട വേറെ രാഗത്തിൽ എടുത്താൽ മതി എന്നു പറയുമ്പോൾ ചേട്ടൻ തന്നെ എന്നോടു പറയും. ‘എങ്കിൽ നീ തന്നെ പറയൂ ഏതുരാഗമാണു വേണ്ടത്. ആ രാഗത്തിൽ ചെയ്യാം’. എനിക്കീ രാഗങ്ങളെ പറ്റി ഒരു കുന്തവും അറിഞ്ഞൂടാ. പക്ഷേ, എനിക്കു കേട്ടാൽ ഇഷ്ടമുള്ള ഒരു രാഗത്തിന്റെ പേരു ഞാൻ പറയും
ആഹരിരാഗത്തിൽ കീർത്തനം ചെയ്തതു കൊണ്ട് ആഹാരം മുടങ്ങുമെന്നൊരു ചൊല്ലുണ്ട്. അന്ധവിശ്വാസമോ വിശ്വാസമോ അറിയില്ല. എന്തായാലും സംഗതി ചേട്ടനും ബിച്ചു ചേട്ടനും ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി കുറച്ചുകാലം ആശുപത്രിയിൽ കിടന്നു. എന്നാൽ പാട്ടുപാടിയത് ദാസേട്ടനാണല്ലോ. തമിഴ് വരികൾ സുജുവും പാടിയിട്ടുണ്ട്. ഇവർക്കു രണ്ടുപേർക്കും ഒരു പ്രശ്നവുമുണ്ടായില്ല. അതുകൊണ്ട് അതു വിശ്വാസമോ അന്ധവിശ്വാസമോ ആകാം