ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളിലെത്തുന്ന പത്താനിലെ ചില സീനുകളിൽ മാറ്റം വേണമെന്ന നിർദേശവുമായി കേന്ദ്ര സെൻസർ ബോർഡ്. പാട്ടുകളിൽ ഉൾപ്പടെ മാറ്റം വേണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം. മാറ്റങ്ങൾ വരുത്തിയതിന് ശേഷം സിനിമ വീണ്ടും സെൻസറിങ്ങിനായി സമർപ്പിക്കണമെന്നും നിർദേശമുണ്ട്. (videograb/youtube)
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനമാണ് വിവാദത്തിന് കാരണമായത്. ദീപിക കാവി ബിക്കിനിയിലും സെക്സി നൃത്തച്ചുവടുകളിലും പ്രത്യക്ഷപ്പെട്ടതിന് പലരും ഈ ഗാനത്തെ വിമർശിച്ചു. ഗാനത്തിലെ ഷാരൂഖിന്റെ പച്ച ഷർട്ടും പലരെയും ചൊടിപ്പിച്ചു. കാവി ബിക്കിനിയുടെ പേരിൽ ഗാനം വിമർശിക്കപ്പെട്ടപ്പോൾ, ദീപിക പാട്ടില്‍ മറ്റ് നാല് വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. കാവി ബിക്കിനി സ്ക്രീനിൽ വെറും 20 സെക്കൻഡ് മാത്രമായിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, സംസ്ഥാന നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം തുടങ്ങിയ രാഷ്ട്രീയക്കാരും ഗാനത്തെ എതിർക്കുകയും അപകീർത്തികരമായ രംഗങ്ങൾ റീഷൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.