അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു. 'പാട്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. നയൻതാരയാണ് ഈ ചിത്രത്തിലും നായികയായെത്തുന്നത്. അൽഫോൺസ് തന്നെയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. യു.ജി.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
2020 സെപ്റ്റംബറിൽ അൽഫോൺസ് പുത്രൻ ഫഹദ് ഫാസിൽ നായകനായ 'പാട്ട്' സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. നയൻതാരയാണ് ചിത്രത്തിലെ നായികയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "എന്റെ അടുത്ത സിനിമയുടെ പേര് 'പാട്ട്' എന്നാണ്. ഫഹദ് ഫാസിൽ ആണ് നായകൻ. സിനിമ നിർമ്മിക്കുന്നത് UGM Entertainments (സക്കറിയ തോമസ് & ആൽവിൻ ആന്റണി). മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെയും കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ്." എന്നായിരുന്നു 'പാട്ട്' പ്രഖ്യാപിച്ചുകൊണ്ടുള്ള അൽഫോൺസ് പുത്രന്റെ കുറിപ്പ്.
വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ ട്രെൻഡ്സെറ്ററായ നിവിൻ പോളി ചിത്രം 'പ്രേമത്തിന്' ശേഷം അൽഫോൺസ് മറ്റു ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പ്രേമത്തിന്റെ നിർമ്മാതാവ് കൂടിയായ അൻവർ റഷീദ് നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിലും അൽഫോൺസ് പുത്രൻ പങ്കാളിയാണ്. പ്രഖ്യാപനം കഴിഞ്ഞ പ്രോജക്ടിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.