'കഹോ നാ പ്യാർ ഹേ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് നായകനായി ഋത്വിക്കിനെ അവതരിപ്പിച്ചത് രാകേഷ് റോഷൻ ആണ്. എന്നിട്ടും എന്തുകൊണ്ട് മകന്റെ സിനിമാ അഭിനയത്തെ രാകേഷ് റോഷൻ എതിർത്തു എന്ന അത്ഭുതത്തിലാണ് ആരാധകർ. ജിദ്ദയിൽ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കവേയാണ് ഋത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
വെറൈറ്റി മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഋത്വിക്കിന്റെ വെളിപ്പെടുത്തൽ. സിനിമാ ലോകത്ത് നേരിടാൻ പോകുന്ന വെല്ലുവിളികളെ ഓർത്തായിരുന്നു പിതാവ് തന്റെ ആഗ്രഹത്തെ എതിർത്തതെന്നും ഋത്വിക് പറയുന്നു. താൻ കടന്നുപോയ പ്രതിസന്ധികളിലൂടെ മകനും ചുവടുവെക്കുന്നത് പിതാവിന് സ്വീകാര്യമായിരുന്നില്ലെന്നും ഋത്വിക് പറയുന്നു.
സിനിമയിലെത്തി ഇരുപത് വർഷത്തോളം അദ്ദേഹം സ്വന്തമായി ഇടം കണ്ടെത്താൻ കഷ്ടപ്പെട്ടു. ആ കഷ്ടപ്പാട് താനും അനുഭവിക്കരുതെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ സ്വയം തെളിയിക്കാൻ ലഭിച്ച അവസരമായിരുന്നു തനിക്ക് സിനിമ. വളരെ മോശം അവസ്ഥയിലാണ് താൻ വളർന്നത്. മറ്റുള്ളവരെ പോലെ തന്നേയും ആളുകൾ കാണാനും തോന്നാനുമുള്ള ഏക മാർഗവും സിനിമയായിരുന്നു.
സംസാരിക്കുമ്പോൾ വിക്കുന്ന അവസ്ഥ ഋത്വിക് ആദ്യകാലഘട്ടത്തിൽ നേരിട്ടിരുന്നു. ഇതിന്റെ പേരിൽ കുട്ടിക്കാലത്ത് ഏറെ പരിഹാസങ്ങൾക്കും ഇരയായി. വലിയ താരമായപ്പോൾ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരു സംഘടനയും ഋത്വിക് ആരംഭിച്ചു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരിൽ തന്നെ തന്നെയാണ് കാണുന്നത് എന്നായിരുന്നു ഋത്വിക് ഇതിനെ കുറിച്ച് പറഞ്ഞത്.
വിക്കി സംസാരിക്കുന്നതിന്റെ പേരിൽ നേരിട്ട പരിഹാസം തന്നെ മാനസികമായി തളർത്തിയിരുന്നുവെന്നും മുമ്പ് ഋത്വിക് തുറന്നു പറഞ്ഞിരുന്നു. ചിരിക്കാനുള്ള വകയായാണ് ആളുകൾ വിക്കുള്ളവരെ കാണുന്നത്. പ്രത്യേകിച്ച് കുട്ടികൾക്ക്. ഇത്തരം അവസ്ഥയുള്ളവരുടെ കുട്ടിക്കാലം നരകതുല്യമായിരിക്കുമെന്നും സ്വന്തം അനുഭവത്തെ കുറിച്ച് ഋത്വിക് പറഞ്ഞു.