രാമായണത്തെ ആസ്പദമാക്കി ഒരുപിടി ചിത്രങ്ങളാണ് ബോളിവുഡിൽ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓം റൗട്ട് ചിത്രം ആദിപുരുഷ് ആയിരുന്നു. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിൽ സീതയുടെ വേഷം അവതരിപ്പിക്കുന്നത് കൃതി സനോൻ ആണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ മോശം വിഎഫ്എക്സിന്റെ പേരിൽ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു. എന്നാൽ ആദിപുരുഷിന് മുമ്പ് ബോളിവുഡിൽ മറ്റൊരു രാമായണം സിനിമ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2019 ൽ സംവിധായകൻ നിതീഷ് തിവാരിയാണ് ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് ഇതേ പ്രമേയത്തിൽ മറ്റു പല ചിത്രങ്ങളും പ്രഖ്യാപിച്ചത്.
നിതീഷ് തിവാരിയുടെ രാമയണത്തിൽ ഋത്വിക് റോഷൻ, റൺബീർ കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുമെന്നായിരുന്നു വാർത്തകളുണ്ടായിരുന്നത്. ചിത്രം പ്രഖ്യാപിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴേക്കും ഇതിനെ കുറിച്ച് പിന്നീട് വാർത്തകളുണ്ടായില്ല. ദീപിക പദുകോൺ സീതയുടെ വേഷത്തിൽ എത്തുമെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ.