ഈദ് ദിനത്തിൽ സൽമാൻ ഖാനെ കാണാൻ മുംബൈയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് പുറത്ത് ആരാധകർ തടിച്ചുകൂടിയിരുന്നു. എന്നാൽ ടൈഗർ 3-ന്റെ ലൊക്കേഷനിൽ സൽമാൻ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ. 2012ൽ പുറത്തിറങ്ങിയ ഒരു സ്പൈ ആക്ഷൻ ത്രില്ലർ ആയിരുന്നു ഏക് താ ടൈഗർ. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു.
ടൈഗർ-3ൽ സൽമാൻ, ഇമ്രാൻ ഹാഷ്മി, കത്രീന കൈഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബോളിവുഡിലെ മറ്റൊരു സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ആരാധകരിൽ വലിയ കോളിളക്കം സൃഷ്ടിച്ചു, 2023 ദീപാവലിക്ക് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ടൈഗർ-3 റിലീസ് ചെയ്യും.
വീഡിയോയിൽ, കറുത്ത ഷർട്ട് ധരിച്ച സൽമാൻ, ലൊക്കേഷനിലുള്ള അണിയറപ്രവർത്തകർക്കൊപ്പം ഇരിക്കുന്നതും അവരുമായി സംസാരിക്കുമ്പോൾ പുകവലിക്കുന്നതും കാണാം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ സൽമാൻ എന്ന അവിനാഷ് സിംഗ് റാത്തോഡിനെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. "ദീപാവലി, വേഗം വരൂ" എന്ന് ഒരാൾ എഴുതിയപ്പോൾ, "ഇതായിരിക്കും ഏറ്റവും വലിയ തിരിച്ചുവരവ്" എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
സൽമാൻ ഖാന്റെ കിസി കി ഭായ് കിസി കാ ജാൻ എന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ഷെഹ്നാസ് ഗിൽ, പാലക് തിവാരി, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു, ഇന്നലെ ഈ ചിത്രം റിലീസ് ചെയ്യുകയും ബോക്സ് ഓഫീസിൽ ഭേദപ്പെട്ട കളക്ഷൻ ആദ്യദിനം നേടുകയും ചെയ്തു. ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ ട്വീറ്റ് പ്രകാരം, കിസി കി ഭായ് കിസി കാ ജാൻ ആദ്യ ദിന കളക്ഷൻ 15.81 കോടി രൂപയാണ്, ഇത് 2010 മുതൽ 2019 വരെ സൽമാൻ ഖാന്റെ ഈദ് റിലീസുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.