കന്നഡ സിനിമയിലെ മയക്കു മരുന്ന് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കന്നഡ ബിഗ്ബോസ് താരം ആദംപാഷയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച നാർകോട്ടിക്സ് ബ്യൂറോയുടെ ബംഗളൂരു വിഭാഗമാണ് ആദംപാഷയെ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി അനിക ദിനേശിൽ നിന്ന് ആദംപാഷ മയക്കു മരുന്ന് വാങ്ങിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. (Image: Instagram)
കന്നഡ സിനിമയുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ അനിഖ ദിനേശ് ഓഗസ്റ്റിലാണ് അറസ്റ്റിലായത്. സ്റ്റേജ് ഡാൻസറാണ് പാഷ. ബംഗളൂരുവിൽ നിന്നുള്ള ആദ്യ ഡ്രാഗ് ക്യൂൻ(വിനോദത്തിനായി സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കുകയും മേക്കപ്പിടുകയും ചെയ്യുന്ന പുരുഷന്മാർ) കൂടിയാണ് പാഷ. കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരെ എൻസിബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. (Image: Instagram)
പാഷയെ നവംബർ മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം ആരോപണങ്ങൾ ആദം പാഷ നിഷേധിച്ചു. നടി അനികയെ തനിക്ക് അറിയാമെന്നും എന്നാൽ അവരിൽ നിന്ന് ഒന്നും സ്വാകരിച്ചിട്ടില്ലെന്നും ആദം പാഷ പറഞ്ഞു. അതേസമയം ആദംപാഷ നിരവധി തവണ നടിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി എൻസിബി പറഞ്ഞു. (Image: Instagram)
അതേസമയം, മയക്കുമരുന്ന് റാക്കറ്റുമായി ആദം പാഷയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് തന്നെയാണ് എൻസിബി വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടിമാരായ രാഗിണിയും സഞ്ജനയും പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോൾ. രാഗിണി സെപ്തംബർ നാലിനും സഞ്ജന സെപ്തംബർ എട്ടിനുമാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. (Image: Instagram)
ഓഗസ്റ്റിൽ എൻസിബി മയക്കുമരുന്ന് പിടിച്ചെടുത്തതിനു പിന്നാലെ കന്നഡ ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിച്ച നിരവധി സിനിമാ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. കന്നഡ ചലച്ചിത്ര വ്യവസായത്തിലെ ‘മയക്കുമരുന്ന് കുംഭകോണം’ സംബന്ധിച്ച് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന് (സിസിബി) നൽകിയ മൊഴിയിൽ കുറഞ്ഞത് 15 പേരെങ്കിലും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. (Image: Instagram)