ചെന്നൈ: ‘സാർപ്പട്ട പരമ്പര’ സിനിമയിൽ മുൻ മുഖ്യമന്ത്രി എം ജി രാമചന്ദ്രനെ (എംജിആർ) മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ പാ രഞ്ജിത്തിന് എ ഐ എ ഡി എം കെ നോട്ടീസയച്ചു. സിനിമയിൽനിന്ന് വിവാദ ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിർമാതാവിനും ഒ ടി ടിയിൽ റിലീസ് ചെയ്ത ആമസോൺ പ്രൈമിനും പാർട്ടി നോട്ടീസയച്ചു.
വിവാദ ഭാഗങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും മുൻ മന്ത്രിയും മുതിർന്ന എ ഐ എ ഡി എം കെ. നേതാവുമായ ഡി. ജയകുമാർ മുന്നറിയിപ്പ് നൽകി. സിനിമ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ജയകുമാർ ആരോപിച്ചു. ചെന്നൈയിൽ നടന്നിരുന്ന ഗുസ്തിക്കും രാഷ്ട്രീയത്തിനും ഒരുബന്ധവുമില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു.
ഡി എം കെ ആണ് ഗുസ്തിയെ പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന മട്ടിലാണ് ‘സാർപ്പട്ട പരമ്പര’യിൽ കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. എം ജി ആറിന് ഗുസ്തിയുമായി ബന്ധമില്ലെന്ന തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല. തമിഴ്നാട്ടിൽ മദ്യനിരോധനം കൊണ്ടുവന്നയാളാണ് എം ജി ആർ എന്നാൽ ഇതിൽനിന്നെല്ലാം വിരുദ്ധമായി എം ജി ആറിനെ മോശമായി ചിത്രീകരിച്ച് ഡി എം കെയെ ഉയർത്തിക്കാണിക്കുകയാണ് സിനിമയിൽ ചെയ്തിരിക്കുന്നത്.
ഡി എം കെയാണ് കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി എന്ന തോന്നൽ യുവാക്കൾക്കിടയിൽ സിനിമ സൃഷ്ടിക്കുന്നു. ‘സാർപ്പട്ട പരമ്പര’ ഡി എം കെ യുടെ പ്രചാരണ സിനിമയാണെന്നും ജയകുമാർ കുറ്റപ്പെടുത്തി. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എഐഎഡിഎംകെ നേതാവ് ജയകുമാര്‍ പറയുന്നത്.
ചെന്നൈയിലെ ബോക്സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും എല്ലാം അടിയന്തരാവസ്ഥ കാലത്തിന്റെ പാശ്ചത്തലത്തിലാണ് 'സാര്‍പ്പട്ട പരമ്പര' എന്ന ചിത്രം പറയുന്നത്. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സാര്‍പ്പട്ട പരമ്പര വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന് ആര്യയുടെ തിരിച്ചുവരവ് കൂടിയാണ് സാര്‍പ്പട്ട പരമ്പരൈ എന്ന ബോക്സിങ്ങിനെ കേന്ദ്രീകരിച്ചുള്ള സ്പോര്‍ട്ട് ഡ്രാമ. ആര്യ അവതരിപ്പിച്ച കപിലന് മുതല്‍ പ്രധാന ബോക്സിങ് താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഓരോ താരങ്ങളും യഥാര്‍ഥ ബോക്സിങ് താരങ്ങളില്‍ നിന്നും റഫറന്‍സ് എടുത്തുകൊണ്ടാണ് പാ. രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്.
ആര്യ കഴിഞ്ഞാല്‍ ചിത്രത്തിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിങ് റോസ്. ഡാന്‍സിങ് റോസിന്റെ കഥാപാത്രം പ്രിന്‍സ് നസീം എന്നറിയപ്പെടുന്ന നസീം ഹമീദില്‍ നിന്നുമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ രാമന്റെ കഥാപാത്രം ജോര്‍ജ് ഫോര്‍മാനില്‍ നിന്നും പിറവി കൊണ്ടു. ഒടിടിയില്‍ റിലീസ് ചെയ്ത സാര്‍പ്പട്ട പരമ്പരൈ മികച്ച പ്രതികരണങ്ങളാണ് നേടിയത്.