ജൂൺ 3 നാണ് ലോക സൈക്കിൾ ദിനം. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. മലയാള സിനിമയും സൈക്കിളുമായി ഇഴപിരിയാത്ത ബന്ധമാണുള്ളത്. നായകനെ അവതരിപ്പിക്കുന്നത് മുതൽ പ്രണയ രംഗങ്ങൾ വരെ, സംഘട്ടനം മുതൽ കോമഡി വരെ എത്രയെത്ര സീനുകളിൽ നമ്മുടെ ഈ കൊച്ചുവാഹനം മിന്നിത്തിളങ്ങിയിരിക്കുന്നു. സിനിമയിൽ നായകന്റെ നന്മയുടെയും ലാളിത്യന്റെയും പ്രതീകവുമായിരുന്നു ഒരു കാലത്ത് സൈക്കിളുകൾ. ലോക സൈക്കിൾ ദിനത്തിൽ മലയാള സിനിമയിലെ ചില സൈക്കിൾ രംഗങ്ങളെ കുറിച്ചുള്ള ഓർമകൾ പുതുക്കാം.സിനിമയിലെ സൈക്കിൾ രംഗത്തെ കുറിച്ച് പറഞ്ഞാൽ ആദ്യം മനസ്സിലെത്തുക പട്ടണപ്രവേശത്തിലെ ശ്രീനിവാസന്റെയും തിലകന്റെയും സൈക്കിൾ യാത്രയാകും. നമ്മെയെല്ലാം കുടുകുടാ ചിരിപ്പിച്ച ആ ഡയലോഗ് ഓർമയില്ലേ, - ''ചേട്ടന്റെയും എന്റെയും ശബ്ദം ഒരുപോലെയിരിക്കുന്നു''. ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ഡയലോഗും അതിന് തിലകന്റെ ഉരുളക്കുപ്പേരി മറുപടിയുമെല്ലാം ഒരിക്കലും മറക്കാനാകില്ല.
സൈക്കിൾ ഒരു ചിരി കഥാപാത്രം തന്നെയാകുന്ന മറ്റൊരു രംഗം സൂപ്പർ ഹിറ്റ് സിനിമ വന്ദനത്തിലേതാണ്. മോഹൻലാലിന്റെ കഥാപാത്രത്തെ സൈക്കിളിൽ ഫോളോ ചെയ്യുന്ന ജഗദീഷ്. സീറ്റ് ഇളകിയ സൈക്കിളിലെ മരണഓട്ടവും മിനിറ്റുകൾ നീളുന്ന കോമഡിയും ഇപ്പോഴും ഓർത്ത് ഓർത്ത് ചിരിക്കാത്തവർ കുറവായിരിക്കും. വന്ദനത്തിൽ തന്നെ മറ്റൊരു ' സൈക്കിൾ' കോമഡിയുമുണ്ട്. നടിയുടെ സൈക്കിൾ നന്നാക്കാൻ നിർബന്ധിച്ച് വാങ്ങിക്കൊണ്ടുപോവുകയും ഓരോ പാർട്സുകളും കൈയിൽ പിടിച്ചു തിരികെ വരുന്ന മോഹൻലാലും തീയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു.
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ വിഷ്ണുലോകം സൈക്കിൾ യജ്ഞക്കാരുടെ കഥയാണ് പറഞ്ഞത്. അവരുടെ കഷ്ടപ്പാടുകൾ നമുക്ക് കാട്ടിത്തന്ന സിനിമയിൽ വീണിടം വിഷ്ണുലോകമായ തെരുവ് സര്‍ക്കസ് ജീവിതവും സൈക്കിള്‍ യജ്ഞവും ഒക്കെയായിരുന്നു പശ്ചാത്തലം. മോഹന്‍ലാലിന്റെ വിഷ്ണു ഇന്നും ആളുകള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന കഥാപാത്രമാണ്. ആ നാടന്‍ കലാപരിപാടി ഒരു കാലത്ത് ദരിദ്രരായ ജനങ്ങളുടെ ഏറ്റവും വലിയ ഉല്ലാസ പരിപാടിയായിരുന്നു.
അഞ്ഞൂറാനെയും ആനപ്പാറയില്‍ അച്ചമ്മയെയും രാമഭദ്രനെയും മായിന്കുട്ടിയെയുമൊന്നും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. പ്രണയവും സൗഹൃദവും കുടുംബവൈരവുമെല്ലാം ചിരിയുടെ അകമ്പടിയോടു കൂടി സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് അവതരിപ്പിച്ചപ്പോള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളിലൊന്നായി ഗോഡ് ഫാദര്‍ മാറുകയായിരുന്നു. കച്ചവട സിനിമകളുടെ എല്ലാ ചേരുവകളും ചേര്‍ത്തിറക്കിയ ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്. എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്, ഇന്നസെന്റ്, ജഗദീഷ്, സിദ്ദിഖ്, ജനാര്ദനന്, ശങ്കരാടി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലെ കഥാപാത്രങ്ങളായി നിറഞ്ഞാടിയത്. സിനിമയിലെ നിർണായകമായ സീനിലും ഒരു സൈക്കിൾ സാന്നിധ്യമുണ്ട്. ഇന്നസെന്റിന്റെ കഥാപാത്രമായ 'സാമിയേട്ടന്റെ' കള്ളക്കളി കണ്ടുപിടിച്ച മായിൻകുട്ടി (ജഗദീഷ്) അക്കാര്യം സൈക്കിളിൽ ചീറി പാഞ്ഞുവന്ന് മുകേഷിനോട് പറയുന്ന രംഗമാണ് ഇത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1993ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഗോളാന്തര വാർത്ത. ശോഭന, ശ്രീനിവാസന്, കനക എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. രമേശൻ നായർ എന്ന പലചരക്ക് വ്യാപാരിയുടെ വേഷത്തിലാണ് സിനിമയിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഗ്രാമത്തിലെ അനീതികൾക്കെതിരെ പോരാടുന്ന രമേശൻ നായരെ ഏറെ ആദരവോടെയായിരുന്നു ആ ഗ്രാമം കണ്ടിരുന്നത്. കരകുറ്റിൽ ദാസൻ എന്ന റൗഡിയെ നല്ല വഴിയിലേക്ക് നയിച്ച രമേശൻ നായരുടെ ജീവിതത്തില്‍ വരുന്ന അപ്രതീക്ഷിത ട്വിസ്റ്റാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലുടനീളം രമേശൻ നായരുടെ സന്തത സഹചാരിയായി സൈക്കിളും പ്രത്യക്ഷപ്പെടുന്നുണ്ട്.
മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹൻലാലും ശോഭനയും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലും പ്രധാന 'സൈക്കിൾ' സീനുകളുണ്ട്. സിനിമയുടെ നിർണായക വഴിത്തിരിവാകുന്ന സീനിൽ ഗംഗയുടെ പൂർവകാലം ചികയാൻ മോഹൻലാൽ സുധീഷിനെയും പിന്നിലിരുത്തിയാണ് സൈക്കിൾ ചവിട്ടി പോകുന്നത്.
തീയറ്ററുകളിൽ ചിരി നിറയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് 1988 ൽ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട്. മണിയൻപിള്ള രാജു നിർമ്മിച്ച് പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്. മോഹൻലാൽ, ശോഭന തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ 'റോഡ് റോളർ' കോമഡി ഇന്നും ട്രോളന്മാരുടെ ഇഷ്ടവിഭവമാണ്. സിനിമയിൽ മണിയൻപിള്ള ഉപയോഗിക്കുന്ന സൈക്കിൾ, നിയന്ത്രണം വിട്ടുപായുന്ന റോഡ് റോളർ നിർത്താനായി അടിയിലേക്ക് ഇടുന്നതടക്കമുള്ള സീനുകള്‍ മലയാളികളുടെ മനസില്‍ ഇന്നും മായാതെയുണ്ട്.
സൈക്ലിംഗ് കേന്ദ്രീകരിച്ച് ഒരു മലയാളചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. 2019-ലാണ് രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനൽസ് ഇറങ്ങിയത്. ആലീസ് വര്‍ഗ്ഗീസ് എന്ന സമര്‍ത്ഥയായ കൗമാരക്കാരിയുടെ ജീവിതലക്ഷ്യം, സൈക്ലിംഗില്‍ ലോകശ്രദ്ധ നേടിയെടുക്കുക എന്നതായിരുന്നു. പിതാവിന്റെയും, ബാല്യകാലസുഹൃത്ത് മാനുവലിന്റേയും പൂര്‍ണ്ണപിന്തുണയോടെ ആ ലക്ഷ്യത്തിലേയ്ക്ക് ആലീസ് കുതിക്കുകയാണ്. അതിനിടെ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുന്നു. 122 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തിലാണ്.
ഇവിടം കൊണ്ടവസാനിക്കുന്നതല്ല, മലയാള സിനിമയും സൈക്കിളും തമ്മിലുള്ള ബന്ധം. സൈക്കിൾ എന്ന പേരിലും മലയാള സിനിമയുണ്ട്. ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് സൈക്കിൾ. 2008ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ തുടങ്ങിയവർ അഭിനിയിച്ചിരിക്കുന്നു. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ‘ബൈസിക്കിള്‍ തീവ്സ്’ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.