ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ അര്‍ഹിച്ച അംഗീകാരം മലയാളിയായ ബിബിന്‍ ദേവിനെ തേടിയെത്തി. ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയില്‍ സാങ്കേതിക പിഴവ് മൂലം പേര് പരാമര്‍ശിക്കാതെ പോയ ബിബിന്‍ ദേവ് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവില്‍ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി.
സ്വന്തം പ്രയത്നം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് ക്ലെറിക്കല്‍ പിഴവുമൂലം നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ബിബിന്‍ ദേവ്. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു വിളി വന്നപ്പോഴാണ് മാസങ്ങളോളം നീണ്ട ആശങ്കയും ആകാംക്ഷയും ആഹ്ലാദത്തിന് വഴിമാറിയത്.
എറണാകുളം ജില്ലയിലെ അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ സ്വദേശിയായ ബിബിന്‍ ദേവ് 15 വര്‍ഷത്തോളമായി മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഷെര്‍നി, ട്രാന്‍സ്, യന്തിരന് 2.0, ഒടിയന്, മാമാങ്കം, മാസ്റ്റര്‍പീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളുടെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ ദേവ് ആണ്.