വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംനേടുന്ന പതിവ് തെറ്റിക്കാതെ തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അന്തരിച്ച അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ച് ബാലയ്യ നടത്തിയ പരാമർശം നേരത്തെ വിവാദമാകുന്നു. വീരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് അക്കിനേനി കുടുംബത്തെ ബാലകൃഷ്ണ പരിഹസിച്ചത്. ‘‘എന്റെ അച്ഛന് സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി.രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ ” എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും വിവാദത്തിൽ ചാടിയിരിക്കുകയാണ് അദ്ദേഹം.
ടോക്ക് ഷോയായ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ 2 ൽ ഒരു നഴ്സിനെ കുറിച്ചുള്ള ലൈംഗികത നിറഞ്ഞ പരാമർശങ്ങളാണ് ബാലയ്യയെ വീണ്ടും വിവാദത്തിലാക്കിയത്. പവൻ കല്യാണുമായുള്ള സംഭാഷണത്തിൽ, നന്ദമുരി ബാലകൃഷ്ണ ഒരു പഴയ അപകടത്തെക്കുറിച്ച് ഓർമ്മിച്ചു, അവിടെ ആശുപത്രി ജീവനക്കാരോട് യാതൊന്നും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു, അത് പ്രവേശനം വൈകാൻ കാരണമാകും. പക്ഷേ, ഒരു ‘സുന്ദരിയായ’ നഴ്സിനെ കണ്ടതിനുശേഷം, “ധീനമ്മ ഭലേഗാ ഉണ്ടി അക്കാദി നഴ്സ് (ആ നഴ്സ് വളരെ ഹോട്ടായിരുന്നു)” എന്ന് സത്യം പറയാതിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
തെന്നിന്ത്യൻ സൂപ്പർസ്റ്റാറിന്റെ മോശം പരാമർശത്തിനെതിരെ നെറ്റിസൺസ് രൂക്ഷമായി പ്രതികരിച്ചപ്പോൾ, ഒരു വിഭാഗം നഴ്സുമാർ നന്ദമുരി ബാലകൃഷ്ണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് വീരസിംഹ റെഡ്ഡി താരം തന്റെ ഫേസ്ബുക്ക് പേജിൽ ക്ഷമാപണം നടത്തിയത്. തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നു അദ്ദേഹം വിശദീകരിച്ചു.
“ഞാൻ നഴ്സിംഗ് തൊഴിലിനെ അപകീർത്തിപ്പെടുത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞാൻ ശക്തമായി നിരസിക്കുന്നു. ഞാൻ പറഞ്ഞതിന്റെ അർത്ഥം ആകെ മാറി. നഴ്സുമാരെയും അവരുടെ ജോലിയെയും ഞാൻ ഏറ്റവും ആദരവോടെയാണ് കാണുന്നത്. ഞങ്ങളുടെ ആശുപത്രിയായ ബസവതാരകം കാൻസർ ഹോസ്പിറ്റലിൽ അവരുടെ മികച്ച പരിചരണം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ വാക്കുകൾ അവരെ വേദനിപ്പിച്ചെങ്കിൽ ഞാൻ ഖേദിക്കുന്നു''.- ബാലയ്യ വ്യക്തമാക്കി.
അക്കിനേനി നാഗേശ്വരയെ 'തൊക്കിനേനി' എന്ന് വിളിച്ച ബാലകൃഷ്ണയുടെ പരാമർശത്തിനെതിരെ ആരാധകര്ക്കിടയില്നിന്നുപോലും എതിര്‍പ്പുയർത്തിയിരുന്നു. അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെപ്പോലെയുള്ള ഒരു ഇതിഹാസത്തെ അപകീര്‍ത്തിപ്പെടുത്തിയത് തെറ്റായിപ്പോയെന്നാണ് വിമർശനം. എന്നാല്‍ ചിലര്‍ ബാലകൃഷ്ണയ്ക്കു സംഭവിച്ചത് നാവുപിഴയാണെന്നും മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ചില ആരാധകര്‍ പറയുന്നു.