നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ സിനിമ തന്നെ പരാജയപ്പെടുന്നു. പിന്നീട് നീണ്ട നാളുകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ മലയാള സിനിമയുടെ യുവമുഖമായി മാറുക. കഥാപാത്രങ്ങളിലെ വ്യത്യസ്തകൊണ്ടും തീവ്രമായ അഭിനയ ശേഷികൊണ്ടും സിനിമാപ്രേമികളെ അംബരപ്പിച്ച ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. ആദ്യ സിനിമയായ കൈയ്യെത്തും ദൂരത്തില്‍ നിന്നും മലയന്‍കുഞ്ഞ് വരെ എത്തിനില്‍ക്കുന്ന ഫഹദിന്റെ അഭിനയ ജീവിതത്തിലെ 10 വ്യത്യസ്ത കഥാപാത്രങ്ങളെ കുറിച്ച് .
ആമേന്‍: ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആമേനിലെ ഫഹദ് അവതരിപ്പിച്ച സോളമന് അന്നോളം അദ്ദേഹം കൈകാര്യം ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ശോശന്നയെ പ്രണയിക്കുന്ന, പള്ളിയുടെ ബാന്റ് സംഘത്തില്‍ ക്ലാര്നെറ്റ് വായിക്കാന്‍ ആഗ്രഹിക്കുന്ന, ആരെയും എതിര്‍ത്ത് നില്ക്കാന് കെല്‍പ്പില്ലാത്ത, നിഷ്കളങ്കനായ കുമരങ്കരിക്കാരനായ സോളമനെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു.
അന്നയും റസൂലും : കാമുക വേഷങ്ങള്‍ പലരും പല വിധത്തില്‍ അഭിനയിച്ച് കണ്ടിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു റസൂല്‍. അന്നയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന റസൂലിന്റെ പ്രണയഭാവങ്ങള്‍ അത്രമേല്‍ തീവ്രമായിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഫഹദിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലായി മാറി.
തൊണ്ടിമുതലും ദൃക്സാക്ഷിയും : കണ്ണുകളാല്‍ കഥപറയുന്ന തൊണ്ടിമുതലിലെ കള്ളന് പ്രസാദിനെ അത്രവേഗം മലയാളികള്‍ മറന്നുകാണില്ല. ഓരോ നോട്ടത്തിലും, ഡയലോഗിലും വരെ നിറഞ്ഞുനില്ക്കുന്ന അഭിനയ ചാരുതയാണ് മലയാളികളുടെ മനസ് കവര്‍ന്ന ഈ കള്ളന് കാഴ്ചവെച്ചത്. ദിലീഷ് പോത്തന്റെ സംവിധാനം ചെയ്ത ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
ട്രാന്‍സ്: മോട്ടിവേഷണല്‍ സ്പീക്കറായ വിജു പ്രസാദില്‍ നിന്ന് പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനിലേക്കുള്ള പരകായ പ്രവേശം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമായിരുന്നു. ഹൈ എനര്‍ജി വേണ്ടിയിരുന്ന ഈ കഥാപാത്രത്തിനായി വലിയ തയാറെടുപ്പുകളാണ് ഫഹദ് നടത്തിയത്. ശാരീരികമായി ഏറ്റവുമധികം പരിശ്രമം നടത്തിയ കഥാപാത്രമായിരുന്നു ട്രാന്‍സിലെ ജോഷ്വ എന്നാണ് ഫഹദ് തന്നെ പറഞ്ഞിട്ടുള്ളത്.