അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശത്തെ അപലപിച്ച് മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു സിസി രംഗത്ത്. മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന എ.എം. എം. എ യുടെ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു എന്ന് ഡബ്ല്യു സിസി വ്യക്തമാക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡബ്ല്യുസിസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു WCC ചേർത്തു പിടിച്ചത്. എന്നാൽ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണ്ണമായും വെളിവാക്കുന്നതായിരുന്നു- പോസ്റ്റിൽ വ്യക്തമാക്കുന്നു.
ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണെന്നും ഡബ്ല്യു സിസി കുറ്റപ്പെടുത്തുന്നു. എ.എം. എം. എ അംഗമായിരുന്ന പ്രസിദ്ധ നടൻ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു.
സോഷ്യൽ മീഡിയയിൽ എ എം.എം.എ യുടെ എക്സികൂട്ടിവ് അംഗമായ നടൻ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പർ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചർച്ചയിൽ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടൻ സിദ്ധിഖിന്റെ വിശദീകരണത്തിൽ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയിൽ എന്തെങ്കിലും ആവാൻ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും , ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.