നാടും വീടും വിട്ട് കഴിയുന്ന പ്രവാസിമലയാളികളെയാണ് കോവിഡ് വ്യാപനം ഏറെ ആശങ്കപ്പെടുത്തുന്നത്. ഗൾഫ് നാടുകളിൽ മാത്രം 25 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്ക്. ഗൾഫ് നാടുകളിൽ കൊറോണ പ്രതിരോധ പ്രവർത്തനം നടത്താൻ സർക്കാർ ഏജൻസിക്ക് തണലായി മലയാളി കൂട്ടായ്മകള്‍ ഏറെയുണ്ട്. ഈ കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയംവെച്ച് അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന മലയാളി സൈന്യം യുഎഇയിലുണ്ട്. അക്കാഫ് വോളന്റിയർമാർ.
കൊറോണ ടെസ്റ്റ് നടത്തിയ പോസിറ്റീവായ രോഗികളുടെ വിവരങ്ങൾ അക്കാഫ് ശേഖരിക്കുന്നു. അവരെ വിളിച്ച് എവിടെ താമസിക്കുന്നു. മക്കാനി നമ്പർ ഉൾപ്പെടെയുള്ളവ എടുക്കുന്നു. ഇതുവഴി ആംബുലൻസിന് വേഗത്തിൽ പ്രദേശത്ത് എത്താനാകും. റൂമിൽ എത്രപേർ താമസിക്കുന്നുവെന്നതടക്കമുള്ള കണക്കുകളാണ് ഇവർ ശേഖരിക്കുന്നത്. തുടർന്നുള്ള അണുനശീകരണ പ്രവർത്തനങ്ങൾക്കും വോളന്റിയർമാർ നേതൃത്വം നൽകും. ഡിഎച്ച്എക്കും പൊലീസിനും വിവരം കൈമാറുന്നു.
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും ദുബായ് പൊലീസുമായി ചേർന്ന് 60 വയസ് കഴിഞ്ഞ ഏതു രാജ്യത്തെ പൗരന്മാർക്കും ദുബായ് പൊലീസിന്റെ വെബ്സൈറ്റ് വഴി മരുന്ന് അടക്കം ആവശ്യമുള്ള എന്തു സാധനങ്ങളും അഭ്യർത്ഥിക്കാം. അക്കാഫ് വോളന്റിയേഴ്സാണ് അവരുടെ വീടുകളിൽ എത്തിക്കുന്നത്. ഇതുകൂടാകെ നൈഫ്, അൽകോസിക്ക് ഉൾപ്പെടെയുള്ള വ്യവസായ മേഖലകളിലെ ലേബർ ക്യാമ്പുകളിലെത്തി കൊറോണ സ്ക്രീനിംഗ് നടത്തുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും അക്കാഫ് മുന്നിൽ തന്നെയുണ്ട്. സാന്ത്വന വിഭാഗം കൈകാര്യം ചെയ്യാൻ അക്കാഫിന് വനിതാ വിഭാഗമുണ്ട്.