ബഹ്റൈനിൽ തടവിലുള്ള 250പേരെ മോചിപ്പിക്കും; തീരുമാനം രാജാവുമായി പ്രധാനമന്ത്രി മോദി നടത്തിയ ചർച്ചയിൽ
മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരാണ് മോചനം കാത്തിരിക്കുന്നത്
News18 | August 25, 2019, 3:01 PM IST
1/ 4
മനാമ: ബഹ്റൈനില്‍ ജയിലിൽ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ബഹ്റൈന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബഹ്റൈന്‍ പ്രധാനമന്ത്രി ഷേഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്.
2/ 4
ഇന്ത്യയുടെ ആവശ്യം ഇപ്പോള്‍ ബഹ്റൈന്‍ അംഗീകരിച്ചിരിക്കുകയാണ്. 250 ഇന്ത്യക്കാരായ തടവുകാരെയാണ് ബഹ്റൈന്‍ മോചിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരാണ് മോചനം കാത്തിരിക്കുന്നത്. ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ചവര്ക്കായിരിക്കും മോചനം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനം സാധ്യമാകില്ല. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്കി.
3/ 4
ഇതിനൊപ്പം തന്നെ നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സോളാര്‍ എനര്‍ജി, ബഹിരാകാശ ഗവേഷണം, സാംസ്കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്റൈനിലെ നാഷണല്‍ സ്പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും കരാറായി.
4/ 4
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. മൂന്ന് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലാണ് മോദി ആദ്യമെത്തിയത്. തുടര്‍ന്ന് ബഹ്റൈനിലുമെത്തി. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കായി മോദി പിന്നീട് യാത്രതിരിച്ചു.