അബുദാബി: പൂർണമായും സ്റ്റീലും ഇരുമ്പും ഉപയോഗിക്കാതെ ഒരു ക്ഷേത്രനിർമ്മാണം. അബുദബിയിൽ ആദ്യമായി നിർമ്മിക്കുന്ന ഹൈന്ദവക്ഷേത്രത്തിലാണ് സ്റ്റീലും ഇരുമ്പും ഒഴിവാക്കുന്നത്. ക്ഷേത്രനിർമാണത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. ചടങ്ങിൽ ഇന്ത്യയിൽനിന്നുള്ള പ്രവാസികളിൽ നിരവധിപ്പേർ പങ്കെടുത്തു. 3000 ക്യുബിക് മീറ്ററോളം വരുന്ന ക്ഷേത്രം യുഎഇയിൽ ഏറ്റവും വലിയ ഒറ്റ സ്ട്രെച്ച് കോൺക്രീറ്റിൽ നിർമ്മിക്കുന്ന ഒന്നാണെന്ന് ക്ഷേത്ര സമിതി വക്താവ് അശോക് കൊട്ടെച്ച ഗൾഫ് ന്യൂസിനോട് പറഞ്ഞു.
“സാധാരണയായി കോൺക്രീറ്റിൽ സ്റ്റീലോ കമ്പിയോ ഇടകലർന്നിരിക്കും. എന്നാൽ ഇന്ത്യയിലെ പരമ്പരാഗത ക്ഷേത്ര വാസ്തുവിദ്യ പ്രകാരം, ഉരുക്ക് അല്ലെങ്കിൽ ഇരുമ്പ് ഉപയോഗിക്കാറില്ല. കോൺക്രീറ്റ് ശക്തിപ്പെടുത്തുന്നതിന് ഫ്ലൈ ആഷാണ് ഇവിടെ ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന്റെ ഘടനയിൽ ഉടനീളം, വാസ്തുവിദ്യപ്രകാരം ഉരുക്കും ഇരുമ്പും ചേർക്കാതെയായിരിക്കും നിർമ്മാണം പൂർത്തിയാക്കുക”- അശോക് പറയുന്നു.
ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്ര ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന സന്യാസിയായ ബ്രഹ്മവിഹാരി ദാസിന്റെ നേതൃത്വത്തിലാണ് ശിലാസ്ഥാപന ചടങ്ങ് നടത്തിയത്. ക്ഷേത്രനിർമ്മാണത്തിനും യുഎഇയ്ക്കുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. “നമ്മെ ഭിന്നിപ്പിക്കുന്ന അതിരുകളെ മറികടക്കുന്നതായിരിക്കും ഈ ക്ഷേത്രം. വിഭജിക്കുന്ന പരിധിക്കുമപ്പുറമുള്ള ഒരു സ്ഥലമായിരിക്കും ഇത്”- സദസിനെ അഭിസംബോധന ചെയ്ത ബ്രഹ്മവിഹാരി ദാസ് പറഞ്ഞു.
ഇന്ത്യയിൽനിന്ന് വന്ന മൂവായിരത്തിലധികം കരകൗശല തൊഴിലാളികൾ ക്ഷേത്രനിർമ്മാണത്തിനായി വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. 5000 ടൺ ഇറ്റാലിയൻ കാരാര മാർബിളിനൊപ്പം കൊത്തുപണികളും ശിൽപങ്ങളും പൂർത്തിയാക്കും. ക്ഷേത്രത്തിന്റെ പുറംഭാഗത്ത് 12,250 ടൺ പിങ്ക് മണൽക്കല്ലുകൾ ഉപയോഗിച്ചായിരിക്കും നിർമ്മാണം. യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലായ വിപുലും ഇന്ത്യൻ വ്യവസായ പ്രമുഖരും കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സിഡിഎ), ദുബായ്, അബുദാബി അംഗങ്ങളും ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു.
അബുദബിയിൽ ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം അനുവദിച്ചതിനെ അവിടുത്തെ സർക്കാരിന് പവൻ കപൂർ നന്ദി പറഞ്ഞു. ഇത് ഇന്ത്യയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരവും ബഹുമതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മതത്തെ സംബന്ധിച്ച് ആരാധനാലയം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ദുബായിലെ സിഡിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഒമർ അൽ മുത്തന്ന പറഞ്ഞു. യുഎഇയിൽ വരുമ്പോഴും നാട്ടിലേത് പോലെ തന്നെ പ്രാർഥനകളും പൂജകളും നിർവ്വഹിക്കാൻ വിശ്വാസികൾക്ക് കഴിയണം. അതുകൊണ്ടുതന്നെ ക്ഷേത്രം നിർമിക്കാൻ സ്ഥലം നൽകിയത് ഇന്ത്യക്കാരോടുള്ള യുഎഇയുടെ പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.
അനുമതി ലഭിച്ച സമയം മുതൽ ക്ഷേത്രനിർമാണത്തിനായി ഇതുവരെ ചെയ്ത കാര്യങ്ങൾ അവതരിപ്പിച്ച പുരോഹിതൻ യുഎഇയിലെ നല്ല ഭരണാധികാരികൾക്ക് ക്ഷേത്രത്തിനും പാർക്കിംഗ് സൗകര്യങ്ങൾക്കുമായി 27 ഏക്കർ സ്ഥലം അനുവദിച്ചതിന് നന്ദി പറഞ്ഞു. ഇതിനായി പ്രയത്നിച്ച നിരവധി ഉദ്യോഗസ്ഥർക്കും വിശ്വാസികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.