കുവൈത്ത് സിറ്റി/ദോഹ: കുവൈത്തിൽ ഒരു ഇന്ത്യക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാളെ കുവൈത്ത് സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അസർബൈജാനിൽനിന്ന് എത്തിയ രോഗിയുമായി അടുത്ത് ഇടപഴകിയ ആളിലാണ് രോഗം കണ്ടെത്തിയത്. കുവൈത്തിൽ നാലുപേരിലാണ് പുതിയതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 104 ആയി. ഇതുവരെ രോഗവിമുക്തി നേടിയത് ഏഴുപേരാണ്. ഖത്തറിൽ 17 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഹമദ് വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കും മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും പരിശോധന കർക്കശമാക്കിയിട്ടുണ്ട്. ഖത്തറിൽ രോഗബാധിതരുടെ എണ്ണം 337 ആയി. ഒമാനിൽ രോഗം പിടിപെട്ടവരുടെ എണ്ണം 20 ആയി. ബഹറിനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212 ആയി. ചികിത്സയിൽ ഉള്ളവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.