ഡ്രോൺ ഭീതി: അബുദാബിയിൽ ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
യുഎഇയിൽ വിമാനത്താവളത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് കുറ്റകരമാണ്. 20,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റവുമാണിത്.
News18 Malayalam | November 29, 2019, 3:07 PM IST
1/ 3
ദുബായ്: സംശയാസ്പദമായ രീതിയിൽ ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് അബുദബിയിൽ ആറ് വിമാനങ്ങൾ കഴിഞ്ഞ ദിവസം വഴിതിരിച്ചുവിട്ടു. അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ആറ് എയർ അറേബ്യ വിമാനങ്ങൾ റാസ് അൽ ഖൈമ വിമാനത്താവളത്തിലേക്കാണ് വഴി തിരിച്ചുവിട്ടത്. വ്യാഴാഴ്ച രാവിലെ 7:00 നും 9:00 നും ഇടയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന ആറ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്ന് ഷാർജ എയർപോർട്ട് അധികൃതർ അറിയിച്ചു. അതേസമയം ഡ്രോൺ കണ്ടതിനെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
2/ 3
റാസ് അൽ ഖൈമയിലേക്ക് തിരിച്ചുവിട്ട ഒരു വിമാനത്തിലെ യാത്രക്കാരനാണ് ഡ്രോൺ ഭീതിയാണ് കാരണമെന്ന് ട്വീറ്റ് ചെയ്തത്. പിന്നീട് അബുദബി വിമാനത്താവളത്തിലെ ചില ജീവനക്കാരും ഇക്കാര്യം അനൌദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
3/ 3
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ എയർ അറേബ്യ അധികൃതർ തയ്യാറായില്ല. എന്തുകൊണ്ടാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് അവർ വിശദീകരിച്ചിട്ടില്ല. യുഎഇയിൽ വിമാനത്താവളത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് കുറ്റകരമാണ്. 20,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റവുമാണിത്.