മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ പിടികൂടി ഒന്നര കോടിയിലേറെ രൂപ പിഴയായി ഈടാക്കി താരമായിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയിലെ ഒരു ട്രാവൽ ടിക്കറ്റ് ഇൻസ്പെക്ടർ. സെൻട്രൽ റെയിൽവേ (സിആർ) ഫ്ലൈയിംഗ് സ്ക്വാഡിന്റെ ഭാഗമായ ട്രാവൽ ടിക്കറ്റ് ഇൻസ്പെക്ടർ എസ് ബി ഗാലാൻഡെയാണ് 2019ൽ ഏറ്റവുമധികം പിഴ ഈടാക്കിയത്. 2019 ൽ ടിക്കറ്റ് ഇല്ലാത്ത 22,680 യാത്രക്കാരെ പിടികൂടി 1.51 കോടി രൂപ ഇദ്ദേഹം പിഴ ഈടാക്കിയതായി അധികൃതർ പറയുന്നു.
സെൻട്രൽ റെയിൽവേയിൽ എസ് ബി ഗാലാൻഡെയുടെ സംഘത്തിലുള്ള മറ്റ് മൂന്ന് ടിക്കറ്റ് ചെക്കർമാർ യാത്രക്കാരിൽ ഇന്ന് ഒരു കോടി രൂപ വീതം പിഴയായി ഈടാക്കിയിട്ടുണ്ട്. എം എം ഷിൻഡെ, ഡി കുമാർ, മുംബൈ ഡിവിഷൻ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ രവി കുമാർ ജി എന്നിവരാണ് ഒരു കോടി രൂപ വീതം പിഴയായി ഈടാക്കിയത് ഗലാണ്ടെ, ഷിൻഡെ, ഡി കുമാർ എന്നിവർ ദീർഘദൂര ട്രെയിനുകളിൽ പിഴ ഈടാക്കിയപ്പോൾ, മുംബൈ സബർബൻ നെറ്റ്വർക്കിലെ ട്രെയിനുകളിലായിരുന്നു ഡി കുമാറിന്റെ പ്രവർത്തനം.
16035 യാത്രക്കാരിൽ നിന്ന് ഷിൻഡെ 1.07 കോടി രൂപയും 15234 യാത്രക്കാരിൽ നിന്ന് ഡി കുമാർ 1.02 കോടി രൂപയും രവികുമാർ 20657 യാത്രക്കാരിൽ നിന്ന് 1.45 കോടി രൂപയും പിഴയിനത്തിൽ ഈടാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടിക്കറ്റ് ചെക്കർമാർക്ക് സെൻട്രൽ റെയിൽവേ ക്യാഷ് റിവാർഡും സർട്ടിഫിക്കറ്റും നൽകിയതായി സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സുതർ പറഞ്ഞു.
2019 ൽ 37.64 ലക്ഷം കേസുകളിൽ നിന്ന് 192.51 കോടി രൂപയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്ന് പിഴയായി സെൻട്രൽ റെയിൽവേ നേടിയത്. 2018 ൽ 34.09 ലക്ഷം കേസുകളിൽ നിന്ന് 168.30 കോടി രൂപയായിരുന്നു നേടിയത്. ടിക്കറ്റില്ലാത്ത യാത്രക്കാർക്കെതിരെ പരിശോധന കർക്കശമാക്കിയിട്ടുണ്ടെങ്കിലും വർഷംതോറും ഇത്തരം കേസുകൾ കൂടിവരുന്നതായി സെൻട്രൽ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 2019 ലെ വരുമാനം 14.39 ശതമാനവും ടിക്കറ്റ് ഇല്ലാത്ത യാത്രാ കേസുകളിൽ നിന്നായിരുന്നു.