തന്റെ പേരിൽ സമ്മേളനങ്ങൾ നടത്തുന്നതിൽ നിന്ന് പതിനൊന്ന് പേരെ തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ വിജയ്. മാതാപിതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്.
2/ 9
അമ്മ ശോഭ ചന്ദ്രശേഖർ, അച്ഛൻ എസ്എ ചന്ദ്രശേഖർ എന്നിവരടക്കമുള്ളവർക്കെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആരും തന്റെ പേര് ഉപയോഗിച്ച് സമ്മേളനങ്ങളോ രാഷ്ട്രീയ പാർട്ടിയോ രൂപീകരിക്കരുതെന്ന് പറയുന്നു.
3/ 9
നേരത്തേ എസ്എ ചന്ദ്രശേഖർ വിജയി രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന തരത്തിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിജയുടെ പേരിൽ പാർട്ടി രജിസ്റ്ററും ചെയ്തിരുന്നു. പിന്നാലെ ഇത് തള്ളി വിജയിയും രംഗത്തെത്തി. ഇതോടെ പിതാവുമായി വിജയ് അകന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
4/ 9
പാർട്ടിയുടെ പ്രസിഡന്റായി ബന്ധുവായ പത്മനാഭനേയും വിജയുടെ അമ്മയെ പാർട്ടി സെക്രട്ടറിയുമാക്കിയിട്ടായിരുന്നു ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. വിജയ് നൽകിയ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന മറ്റുള്ളവർ ഫാൻസ് ക്ലബ് അംഗങ്ങളാണ്.
5/ 9
വിജയ് മക്കൽ ഇയക്കം എന്ന ഫാൻ ക്ലബ്ബിനേയായിരുന്നു ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടിയായി 2020 ൽ പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്നായിരുന്നു പാർട്ടിയുടെ പേര്.
6/ 9
എന്നാൽ ഈ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും ആരാധകരോടും വിജയ് ആവശ്യപ്പെട്ടു. തന്റെ പിതാവിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ പിന്തുടരാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം ആരംഭിച്ച പാർട്ടിയിൽ ആരാധകർ ചേരരുതെന്നുമായിരുന്നു വിജയുടെ അഭ്യർത്ഥന.
7/ 9
ആരെങ്കിലും തന്റെ പേരോ ചിത്രങ്ങളോ അല്ലെങ്കിൽ ഫാൻ ക്ലബ്ബുകളോ അവരുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ, അവർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
8/ 9
മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ വിജയ് സമർപ്പിച്ച ഹർജി ഈ മാസം 27ന് കോടതി പരിഗണിക്കും. തമിഴ്നാട്ടിൽ അടുത്തമാസം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയിയുടെ പേരിലുള്ള ഫാൻക്ലബ്ബ് തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു.
9/ 9
ഇതിന് പിന്നാലെയാണ് പതിനൊന്ന് പേരെ ഈ നീക്കത്തിൽ നിന്ന് തടയണം എന്നാവശ്യപ്പെട്ടുള്ള താരത്തിന്റെ ഹർജി.