പുല്‍വാമ ആക്രമണത്തിന് പ്രത്യാക്രമണമായി, ഇന്ത്യന്‍ നാവിക സേന ഇക്കഴിഞ്ഞ രാത്രി നിയന്ത്രണ രേഖ മറികടന്ന് ജെയ്ഷെ മുഹമ്മദ് ഭീകരവാദ ക്യാമ്പ് ആക്രമിച്ചു. ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ 1000 കിലോ ഭാരമുള്ള ബോംബുകള്‍ വിക്ഷേപിക്കുകയായിരുന്നു. ബെയ്സ് ക്യാമ്പുകളില്‍ 12 'മിറാഷ് - 2000' യുദ്ധ വിമാനങ്ങളാണ് ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.30 മണിക്ക് ബോംബ് വിക്ഷേപിച്ചത്. രാവിലെ നടന്ന മാധ്യമ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആക്രമണം സ്ഥിരീകരിച്ചു. വളരെ വേഗത്തില്‍ വളരുന്ന ലോകത്തെ സൈനിക ശക്തിയാണ് ഇന്ത്യ. പ്രാദേശിക അതിരുകളില്‍ നിന്നും ഒരു ആഗോള ശക്തിയായി ഉയരുകയാണ് ഇന്ത്യ. രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്ന ചിത്രങ്ങള്‍ ചുവടെ. (ഫോട്ടോ: ഗെറ്റി ഇമേജസ്)
സു-30 എം.കെ.ഐ: ഇന്ത്യന്‍ നാവിക സേനയെ 21-ാം നൂറ്റാണ്ടില്‍ നിര്വ്വചിക്കാനുതകുന്നതാണ് സു-30 എം.കെ.ഐ വിമാനം. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് 30 ജെറ്റ് ഫൈറ്റര്‍ ലോകത്തെ മികച്ച വിമാനങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്നവയാണ്. 21.93 മീറ്റര്‍ നീളവും, 14.7 മീറ്റര്‍ വീതിയുമുണ്ടിതിന്. ആയുധങ്ങളില്ലാതെ ഇതിന്റെ ഭാരം 18400 കിലോഗ്രാമാണ്. സായുധ വിമാനത്തിന് 26000 കിലോഗ്രാം വരെ ഭാരമാവാം. മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗതയുണ്ടിതിന്. 3000 കിലോമീറ്റര്‍ പ്രഹരണശേഷിയുണ്ട്. രണ്ട് ശക്തിമത്തായ എന്‍ജിനുകള്‍ വായുവില്‍ നിന്ന് കൊണ്ടും, വായുവില്‍ നിന്നും ഭൂമിയിലേക്കും ശത്രുവിന് നേരെ ഏത് കാലാവസ്ഥയിലും ആക്രമണം അഴിച്ചുവിടാന്‍ പ്രാപ്തിയുള്ളതാണ്.
ബ്രഹ്മോസ്: ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈല്‍. 290 കിലോമീറ്റര്‍ ലക്ഷ്യപ്രാപ്തിയുള്ള ബ്രഹ്മോസിനു 208 മാക് സ്പീഡ്, അതായത് ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാനാവും. ഭൂമിയിലും, കടലിലും, അന്തര്‍വാഹിനിയിലും, വായുവിലും ലക്ഷ്യം നേടാന്‍ സാധിക്കും. മലയോര പ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ ലക്ഷ്യം വയ്ക്കാന്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള 'സ്റ്റീപ് ഡൈവ്' ശേഷികള്ക്കാവും. ഇതിനെ സുഖോയ്- 30 എം.കെ.ഐ. വിമാനങ്ങളില്‍ നിന്നും വിക്ഷേപിക്കാവുന്നതാണ്. നാവിക സേനയുടെ പല യുദ്ധക്കപ്പലുകളിലും, റഡാര്‍ നിരീക്ഷണത്തില്പ്പെടാത്ത അന്തര്‍വാഹിനികളിലും, ഈ മിസൈല്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ സുഖോയ്- 30 എം.കെ.ഐ. യുദ്ധ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ ഐ.എ.എഫ്. തയ്യാറാവുന്നുണ്ട്. ബ്രഹ്മോസ് ബ്ലോക്ക് 1, ബ്ലോക്ക് 2 റെജിമെന്റുകള്‍ ആര്‍മി തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് 3 ഇതിനോടകം തന്നെ പരീക്ഷിച്ച് കഴിഞ്ഞു.
ഐ.എൻ.എസ് ചക്ര-2: റഷ്യൻ നിർമിതി ആണവ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് ചക്ര-2. റഷ്യയിൽനിന്ന് 2004 മുതൽ ഒരു ബില്യൺ ഡോളർ നൽകി പത്തുവർഷത്തേക്ക് വാടകയ്ക്ക് എടുത്ത നേർപ എന്ന അന്തർവാഹിനി പിന്നീട് ഐ.എൻ.എസ് ചക്ര-2 എന്ന പേരിൽ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 30 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ.എന്‍.എസ്. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ.എന്‍.എസ്. ചക്രയ്ക്ക് 30 നോട്ട്സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം വരെ ജലത്തിനടിയില്‍ തുടരാനാകും.
എ.ഡബ്ല്യൂ.എ.സി.എസ്: എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം, മിസൈലാക്രമണം, പോർവിമാനങ്ങളുടെ ആക്രണം എന്നിവ മുൻകൂട്ടി മനസിലാക്കി മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. മിസൈൽ, പോവിമാനം എന്നിവ ഭൂമിക്ക് 400 കിലോമീറ്റർ മുകളിലെത്തുമ്പോൾ മുന്നറിയിപ്പ് ലഭ്യമാകും. ഇസ്രായേലി സാങ്കേതികവിദ്യയിൽനിർമ്മിച്ച എ.ഡബ്ല്യൂ.എ.സി.എസ്, IL-76 എന്ന യുദ്ധവിമാനത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്. സാധാരണ റഡാറുകൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള മിസൈലുകൾ പോർവിമാനങ്ങളും കണ്ടെത്താനാകുമെന്നതാണ് ഇതിന്റെ സവിശേഷത.
ഐ.എൻ.എസ് വിക്രമാദിത്യ: പരിഷ്കരിച്ച കീവ് ക്ലാസ് വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ് വിക്രമാദിത്യ. ഇത് 2013 നവംബർ 16 മുതലാണ് ഇന്ത്യൻ നാവികസേന ഉപയോഗിച്ചുവരുന്നത്. 44500 ടൺ ഭാരമുള്ള വിമാനങ്ങൾ വഹിക്കാൻ ഇതിന് ശേഷിയുണ്ട്. 283.1 മീറ്റർ നീളവും 60.0 മീറ്റർ ഉയരവും ഇതിനുണ്ട്. 22 ഡെക്കുകളിലായി മൂന്നു ഫുട്ബോൾ മൈതാനങ്ങളുടയത്രയും സ്ഥലസൌകര്യമാണ് ഇതിനുള്ളത്. 32 നോട്ടിക്കൽ മൈൽ വേഗതയാണ് ഐ.എൻ.എസ് വിക്രമാദിത്യയ്ക്ക് ഉള്ളത്. നിലവിൽ 24 മിഗ് വിമാനങ്ങളാണ് ഇതിലുള്ളത്. ഐ.എൻ.എസ് വിക്രമാദിത്യയിൽ ഒരു എയർ സ്ട്രിപ്പുമുണ്ട്.
P-81 നെപ്ട്യൂണ്‍: ഏകദേശം 7500 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളാണ് ഇന്ത്യക്കുള്ളത്. നൂറു കണക്കിന് ദ്വീപുകളുമുണ്ട്. തീരദേശ സുരക്ഷ ലക്ഷ്യമിട്ടാണ് P-81 നെപ്ട്യൂണ്‍ സൈന്യത്തിന്റെ ഭാഗമായത്. കരുത്തും സെന്‍സര്‍ സംവിധാനവുമാണ് സമാനമായ വിമാനങ്ങളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചുനിര്‍ത്തുന്നത്. 2000 കിലോമീറ്റര്‍ ദൂരം പറക്കാനും നാലു മണിക്കൂര്‍ ആകാശത്ത് തമ്പടിക്കാനും നെപ്ട്യൂണിന് സാധിക്കും. അന്തര്‍വാഹിനികളെ പിന്തുടാന് സാധിക്കുന്ന ദീര്‍ഘദൂര റഡാര്‍ സംവിധാനം ഇതിന്റെ പ്രത്യേകതയാണ്. അന്തര്‍വാഹിനികളുടെ സാന്നിധ്യം കണ്ടെത്താനുള്ള 120 സോണോബോയിസുകളും ആറു മുതല്‍ എട്ടുവരെ M54 ടോര്‍പിഡോകളും ഉണ്ട്. ഇതിന്റെ ചിറകില്‍ നാല് ഹാര്‍പൂണ്‍ മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്.
നാമിക (നാഗ് മിസൈല്‍ വാഹിനി): ഹെലികോപ്ടറുകളില്‍ നിന്ന് തൊടുത്തുവിടാനാകുന്ന മിസൈലുകളാണ് നാഗ്, നാമിക എന്ന പേരില്‍ അറിയപ്പെടുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ആകാശത്ത് നിന്ന് കരയിലേക്കും ഉപയോഗിക്കാം. 42 കിലോ ഭാരമുള്ള ഇവ ഹെലികോപ്ടറില്‍ നിന്നും അനായാസം തൊടുത്തുവിടാം. നാമിക ബിഎംപി -2 വാഹനങ്ങളില്‍ നിന്നും ഈ മിസൈല്‍ തൊടുത്തുവിടാന്‍ സാധിക്കും.
പിഎഡി/എഎഡി ബാല്ലിസ്റ്റിക് മിസൈൽ ഡിഫൻസ് (BMD) സിസ്റ്റം: ഇന്ത്യയിൽ എത്തിയതിനു ശേഷമാണ് ബാല്ലിസ്റ്റിക് മിസൈൽ ഡിഫൻസ് വാർത്തകളിൽ ചർച്ച ചെയ്യപ്പെട്ടത്. ചെറിയ വ്യാപ്തിയിലുള്ള ബാല്ലിസ്റ്റിക് മിസൈൽ ആയാണ് ഇത് പരീക്ഷിക്കപ്പെട്ടത്. റിപ്പോർട്ട് അനുസരിച്ച്, പ്രധാനപ്പെട്ട നഗരങ്ങൾക്ക് വളരെ ചെറിയ സമയത്തെ നോട്ടീസ് നൽകി പ്രതിരോധത്തിന്റെ ഭാഗമായി ഈ മിസൈൽ ഉപയോഗിക്കാറുണ്ട്. ഗ്രീൻ പിൻ റഡാർ, ഇന്റർസെപ്റ്റർ മിസൈലുകൾ, പൃഥ്വി എയർ ഡിഫൻസ്, അഡ്വാൻസ് എയർ ഡിഫൻസ് എന്നിവ കൂടിയതാണ് ഈ സിസ്റ്റം. പൃഥ്വി എയർ ഡിഫൻസ് അഥവാ പി എ ഡിക്ക് 2000 കിലോമീറ്ററും എഎഡിക്ക് 250 കിലോമീറ്ററും ലക്ഷ്യപ്രാപ്തിയുണ്ട്. ഇരു മിസൈലുകളും ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം വഴിയാണ് നിയന്ത്രിക്കുന്നത്.
പിനാക എം എൽ ആർ: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ് മെന്റ് ഓർഗനൈസേഷനും (ഡി ആർ ഡി ഒ) ഇന്ത്യൻ കരസേനയും സംയുക്തമായി നിർമിച്ച മൾട്ടി ബാരൽ റോക്കറ്റ് വിക്ഷേപിണിയാണ് ഇത്. 30 കിലോമീറ്ററിന് അപ്പുറം വ്യാപ്തിയുള്ള ടാങ്കുകൾക്ക് അനുബന്ധസഹായം നൽകുന്ന ആയുധമാണ് പിനാക. അതിരൂക്ഷമല്ലാത്ത യുദ്ധസാഹചര്യങ്ങളിൽ കരസേനയ്ക്ക് വേഗത്തിലും അനായാസേനയും ആക്രമണം നടത്താൻ കഴിവുള്ളതാണ് ഇത്.