പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ വൻ ജനാവലിയാണ് ഒന്നാമത്തെ ചിത്രം. വിവിധ ഫേസ്ബുക്ക് പേജുകളിൽ ഇതിനകം ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പിന്തുണയുമായി വൻ ജനാവലിയുടെ സുനാമി എത്തിയപ്പോൾ എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാൽ, ഇതിന്റെ യാഥാർത്ഥ്യം മറ്റൊന്നാണ്. 2017ൽ ഹിമാചൽ പ്രദേശിൽ ബിജെപി നേതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തപ്പോഴുള്ള ചിത്രമാണ്. ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത് പരിപാടിയിൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്ത രീതിയിലാക്കി ചിത്രം.
ഫേസ്ബുക്കിലും യുട്യൂബിലും പ്രചരിക്കുന്ന മറ്റൊരു വീഡിയോയാണ് അടുത്തത്. കോൺഗ്രസിന്റെ റാലിയിൽ പാകിസ്ഥാന്റെ പതാക വീശുന്നു എന്നാരോപിച്ചാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, ഈ വീഡിയോയിൽ പാറി കളിക്കുന്ന കൊടി പാകിസ്ഥാൻ പതാകയല്ല. അത്, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാകയാണ്.
ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന മറ്റൊരു ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കാല് പിടിക്കുന്ന ചിത്രം. ഇത് 2013ൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പകർത്തിയ ചിത്രമാണ്. ബിജെപിയിലെ ഒരു മുതിർന്ന നേതാവിന്റെ കാൽ വന്ദിച്ച് മോദി അനുഗ്രഹം വാങ്ങുന്നതാണ് ചിത്രത്തിൽ.
ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ്, വാട്സാപ്പ് എന്നീ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു ചിത്രമാണ് പൊലീസ് തീർത്ത ബ്ലോക്കിൽ ഒരു ആംബുലൻസ് കിടക്കുന്നത്. ഡൽഹി ബിജെപി തലവൻ മനോജ് തിവാരിക്ക് വേണ്ടി വഴിയൊരുക്കുന്നതിനിടെ സംഭവിച്ചതാണ് ഇതെന്നായിരുന്നു പ്രചരിച്ചത്. എന്നാൽ, ഇത് 2017ൽ പകർത്തപ്പെട്ട ചിത്രമായിരുന്നു. മലേഷ്യൻ പ്രധാനമന്ത്രി നജിബ് റസാഖ് ഇന്ത്യ സന്ദർശിക്കുന്ന സമയത്ത് ഡൽഹിയിൽ ഉണ്ടായ ബ്ലോക്ക് ആയിരുന്നു അത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന രീതിയിലുള്ള വീഡിയോയാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരെണ്ണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബിജെപി ഗൂഡാലോചന നടത്തുന്നെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ, ഇത് തെറ്റാണ്. എന്നാൽ ഇത് 2018 മുതൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. സംസ്ഥാന തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീൻ ആണ് ചിത്രത്തിലുള്ളത്.