പട്ന: എന്‍ഡിഎ സഖ്യം വിട്ട് രാജിക്കത്ത് നല്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെ ബിജെപി. നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു. '2020ല്‍ എന്‍ഡിഎ ആയാണ് ഡെജിയുവും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്‍ഡിഎ സഖ്യത്തിന് അനുകൂലമായാണ് ജനവിധിയുണ്ടായത്. ജെഡിയുവിനെക്കാള്‍ കൂടുതല്‍ സീറ്റ് നേടിയതും ഞങ്ങളാണ്. ഇന്ന് നടന്നത് ബിഹാര്‍ ജനതയെ വഞ്ചിക്കലാണ്'- അദ്ദേഹം പറഞ്ഞു.
അതേസമയം, 2017ല്‍ എന്താണ് നടന്നതെന്ന് തങ്ങള്‍ മറക്കുകയാണെന്നും പുതിയ അധ്യായം ആരംഭിക്കുകയാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാറും തേജസ്വി യാദവും ഗവര്‍ണറുടെ വസതിയിലെത്തി. നാളെ തന്നെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് സൂചന. നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും നിതീഷിന് പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്.
243 അംഗ ബിഹാര്‍ നിയമസഭയില്‍ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎല്‍എ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എല്‍ജെപിയുടെ രാജ് കുമാര്‍ സിങ് ജെഡിയുവില്‍ നേരത്തെ ലയിച്ചിട്ടുണ്ട്. ജിതന്‍ രാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നിതീഷിനൊപ്പം നില്ക്കുമെന്നു പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ കണക്കില്‍ വരുന്നത് 51 എംഎല്‍എമാരായി.
മഹാഗട്ബന്ധനിൽ ആര്‍ജെഡിയാണ് വലിയ കക്ഷി. 80 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഒരാളെ കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ അംഗബലം 79. ഒരാള്‍ കുറഞ്ഞിട്ടും ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡി തന്നെയാണ്. കോണ്‍ഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു വീതവും അംഗങ്ങള്‍. എല്ലാവരും ചേരുമ്പോള്‍ ആകെ 165.
ഗട്ബന്ധനിലെ എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്കി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവാനാവും നിതീഷ് കുമാറിന്റെ ശ്രമം. ബിജെപി പക്ഷത്തുനിന്നു മാറുന്നതോടെ സ്വന്തം സോഷ്യലിസ്റ്റ് ഇമേജ് കാത്തുവയ്ക്കാനും നിതീഷിനാവും. ദേശീയതലത്തില്‍ ഇതു കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് നിതീഷ് കണക്കുകൂട്ടുന്നത്.
അഞ്ച് വർഷം നീണ്ടു നിന്ന എൻ ഡി എ സഖ്യത്തിന് വിരാമമിട്ടാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന ആശങ്ക ജെ ഡി യു ക്യാമ്പിനുണ്ടായിരുന്നു. ജെഡിയു - ബിജെപി സഖ്യത്തിലെ അതൃപ്തികളും സഖ്യമൊഴിയാനുള്ള തീരുമാനത്തിലേക്കെത്തിച്ചു.
അസ്വാരസ്യങ്ങൾ നിലനിൽക്കേ സഖ്യം തുടർന്നാൽ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. നിതീഷ് കുമാറുമായി ബിജെപി നേതൃത്വം നടത്തിയ അനുനയനീക്കങ്ങളെല്ലാം പാളുകയും ചെയ്തു. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ ആര്‍ജെഡിക്ക് നൽകാൻ ധാരണയായിട്ടുണ്ട്. അതേസമയം ബിജെപി നേതൃത്വത്തിൻറെ തുടർനീക്കങ്ങൾ എന്താണെന്ന് വരും ദിവസങ്ങളിൽ അറിയാനാകും.