ന്യൂഡൽഹി: പ്രവചനങ്ങൾ അതേ പടി ശരിയായില്ലെങ്കിലും എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന ആശ്വാസത്തിലാണ് ബിജെപി. ബിജെപി ഇതര സർക്കാർ രൂപീകരണ നീക്കങ്ങൾ പ്രതിപക്ഷത്ത് ദുർബലമായത് ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പോലും മറ്റു പാർട്ടികളെ ഒപ്പം കൂട്ടാനുള്ള വഴിയൊരുങ്ങിയതായാണ് ബിജെപിയുടെ വിലയിരുത്തൽ.
വോട്ടെടുപ്പ് കഴിയും മുൻപ് പ്രതിപക്ഷം ബിജെപി ഇതര സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയിരുന്നു. നാളെ യോഗം ചേർന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിക്ക് കത്തു നൽകിയിരുന്നെങ്കിൽ തലവേദനയാകുമായിരുന്നു. പ്രതിപക്ഷ നീക്കങ്ങൾ തൽക്കാലത്തേക്ക് തടസപ്പെട്ടു എന്നു മാത്രമല്ല കയ്യാലപ്പുറത്തുള്ള പാർട്ടികൾ ബിജെപിയുമായി ചർച്ചകൾക്ക് വാതിൽ തുറക്കുകയും ചെയ്തു.
ടി.ആർ.എസ്, വൈ.എസ്.ആർ. കോൺഗ്രസ് എന്നീ പാർട്ടികളുമായാണ് ബിജെപി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ആത്മവിശ്വാസം മുതലെടുത്താൽ ആവശ്യമെങ്കിൽ ഇവരെ അനായാസം പാളയത്തിൽ എത്തിക്കാം എന്നതാണ് കണക്കുകൂട്ടൽ. വേണ്ടിവന്നാൽ എൻഡിഎ വിപുലീകരണം പോലും ലക്ഷ്യമിട്ടാണ് ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങൾ.