ബഹുസാരായ്(ബീഹാർ): ഭരണപരാജയം മറച്ചുവെക്കാനായി ബിജെപി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി നടി ശബാന ആസ്മി. ജെഎൻയു വിദ്യാർത്ഥി നേതാവും സിപിഐ സ്ഥാനാർഥിയുമായ കനയ്യകുമാറിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ശബാന ആസ്മി. തൊഴിൽ സൃഷ്ടിക്കുന്നതിലും സ്ത്രീസുരക്ഷ ഒരുക്കുന്നതിലും പരാജയപ്പെട്ട ബിജെപി സർക്കാർ വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പൊതുയോഗത്തിൽ അവർ പറഞ്ഞു.
സിപിഐ നേതാവും കവിയുമായിരുന്ന കെയ്ഫി ആസ്മിയുടെ മകളായ താൻ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഇന്നലെയെന്ന പോലെ ഓർക്കാറുണ്ടെന്ന് ഷബാന ആസ്മി പറയുന്നു. പിതാവ് ഉയർത്തിയ പുരോഗമന ആശയങ്ങൾക്കൊപ്പമാണ് ഞങ്ങൾ കുട്ടികളും നിലകൊണ്ടിരുന്നത്. പാവപ്പെട്ടവർക്കൊപ്പം നിൽക്കാനാണ് പിതാവ് പറഞ്ഞുതന്നത്. അതുപോലെയാണ് ഞങ്ങൾ ചെയ്തത്. അതുപോലെയാണ് കനയ്യ ചെയ്യുന്നതും. കനയ്യയ്ക്കെതിരെ മോദി സർക്കാർ എടുത്തത് കെട്ടിച്ചമച്ച കേസായിരുന്നുവെന്നും ശബാന ആരോപിച്ചു. കനയ്യയ്ക്കുവേണ്ടി എല്ലാവരും വോട്ട് ചെയ്യണം. അദ്ദേഹത്തെപ്പോലെയുള്ള ചെറുപ്പക്കാരാണ് നമ്മുടെ പാർലമെന്റിൽ ഉണ്ടാകേണ്ടതെന്നും ശബാന ആസ്മി പറഞ്ഞു.