ന്യൂഡൽഹി; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനു പകരം ബിജെപി വർഗീയ മുൻവിധികളും വിദ്വേഷവും രാജ്യത്ത് പടർത്തുകയാണെന്ന് സോണിയഗാന്ധി കുറ്റപ്പെടുത്തി. സാമൂഹിക ഐക്യത്തിന് ഗുരുതരമായ നാശം ഉണ്ടാക്കുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ 12 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും ജിഡിപിയുടെ മൂന്നിലൊന്ന് വരുന്ന എംഎസ്എംഇ മേഖലയ്ക്ക് ദുരിതാശ്വാസ പാക്കേജ് നൽകണമെന്നും സോണിയ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ കുടിയേറ്റക്കാർക്കും തൊഴിലില്ലാത്തവർക്കും ഭക്ഷണവും സാമ്പത്തിക സുരക്ഷയും നൽകണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് -19 കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് ലോക്ക്ഡൗണിന്റെ വിജയം തീരുമാനിക്കുകയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ വിജയത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിരവധി വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണെന്നും സിംഗ് പറഞ്ഞു.