ഹൈദരാബാദ് ഏറ്റുമുട്ടൽ സംഭവത്തിൽ തെലങ്കാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. കസ്റ്റഡിയിലുള്ള പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാൽ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴി ദേശീയ മനുഷ്യാവകാശന് വിശദീകരണം നൽകേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിഷയം സഭയിൽ ചർച്ചയാകും. അതുകൊണ്ട് ഈ വിഷയത്തിൽ വ്യക്തമായ വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിക്കേണ്ടതുണ്ടെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ല. പക്ഷേ തെലങ്കാനയില്‍ ഇപ്പോള്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലിലും പ്രതികളെ കൊലപ്പെടുത്തിയ സംഭവത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.