ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം തുടരുന്നതിനിടെ പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭയും പാസാക്കി 105നെതിരെ 125 വോട്ടുകൾക്കാണ് ബിൽ പാസായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്ക് ബിൽ പാസായിരുന്നു.
ശൂന്യവേളയിൽ പ്രതിപക്ഷ അംഗങ്ങൾ വിഷയം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിൽ സഭ 12 മണിവരെ നിർത്തിവെച്ചിരുന്നു. തുടർന്ന് സഭ ചേർന്നപ്പോൾ അമിത് ഷാ ബിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ബില്ലെന്നത് കെട്ടുകഥ മാത്രമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വർഷങ്ങളായുള്ള വിവേചനം ഇല്ലാതാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വിശദീകരിച്ചു.