ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെല്ലാം മത്സരിക്കണമെന്ന സോണിയ ഗാന്ധിയുടെ നിർദേശം അനുസരിക്കാതെ ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ. മത്സരിക്കുന്നില്ലെന്ന കാര്യം മുതിർന്ന നേതാക്കളായ അജയ് മാക്കൻ, ജെ.പി അഗർവാൾ എന്നിവർ സോണിയയെ അറിയിച്ചു. തോൽവി ഭയന്നാണ് നേതാക്കൾ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് സൂചന.
70 സീറ്റുകളിലേക്കാണ് ഡൽഹി നിയമസഭയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഇത്തവണ കോൺഗ്രസിന് ജയസാധ്യത തീരെ കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളെ മത്സരരംഗത്ത് ഇറക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇതനുസരിച്ച് സംസ്ഥാന നേതാക്കളോട് സോണിയ തന്നെ മത്സരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടുമായി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. അജയ് മാക്കനായിരുന്നു ഇതിൽ പ്രധാനി. കുടുംബപരമായ ആവശ്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാർട്ടിയിൽനിന്ന് ലീവെടുത്ത് അമേരിക്കയിലേക്ക് പോകുകയും ചെയ്തു. തോൽവി ഭയന്നാണ് നേതാക്കൾ വിട്ടുനിൽക്കുന്നതെന്നാണ് സൂചന.