റാഞ്ചി: ജാർഖണ്ഡിൽ മലയാളി ജവാൻ മരിച്ചത് സഹപ്രവർത്തകന്റെ വെടിയേറ്റാണെന്ന് വ്യക്തമായി. ആലുവ സ്വദേശിയായ സിആർപിഎഫ് ജവാൻ ഷാഹുൽ ഹർഷനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടാണ് മലയാളി ജവാൻ മരിച്ചതെന്നായിരുന്നു ആദ്യം വന്ന വാർത്ത. ജാർഖണ്ഡിലെ ബൊക്കോറോയിലായിരുന്നു സംഭവം.
സി ആർ പി എഫിലെ 226 ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡന്റായിരുന്നു ഷാഹുൽ ഹർഷൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ ഒരുക്കുന്നതിനുള്ള ഡ്യൂട്ടിക്കിടെയാണ് ഷാഹുൽ ഹർഷന് വെടിയേറ്റത്. സഹപ്രവർത്തകനായ ദീപേന്ദ്ര യാദവിന്റെ വെടിയേറ്റാണ് ഷാഹുൽ ഹർഷൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടത്. വെടിവെപ്പിൽ മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ റാഞ്ചിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിലാണ് ദീപേന്ദ്ര യാദവ് വെടിയുതിർത്തതെന്നാണ് ലഭ്യമാകുന്ന വിവരം.