ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പ്രവർത്തനം ഇല്ലാതാക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. കർത്താർപൂർ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ- പാക് രണ്ടാം ഘട്ട ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിദിനം അയ്യായിരം തീർഥാടകരെ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ഇടനാഴി വഴി ഭീകരരെ നുഴഞ്ഞുകയറാൻ അനുവദിക്കരുതെന്നും ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടെന്ന് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലേക്ക് എത്ര തീർഥാടകരെ അനുവദിക്കണം, യാത്രാ സൗകര്യങ്ങൾ എന്തൊക്കെ എന്നീ വിഷയങ്ങളാണ് ചർച്ചയായത്. തീർഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഉള്ള നടപടികൾ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ഖാലിസ്ഥാൻ അനുകൂല നേതാവ് ഗോപാൽ സിംഗ് ചൗളയെ പാകിസ്ഥാൻ പ്രതിനിധി സംഘത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.